ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് നാലാം പ്രതി

എറണാകുളം : ശബരിമല സ്വർണ്ണകൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് നാലാം പ്രതി. പ്രശാന്തിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. 2025ൽ ദ്വാരാപാലക ശില്പങ്ങൾ‌ ചെന്നൈയിലേക്ക് കൊണ്ടുപോയത് സംബന്ധിച്ച കേസിലാണ് പിഎസ് പ്രശാന്തിനെ പ്രതി ചേർത്തിരിക്കുന്നത്. ഏഴ് പ്രതികളാണ് കേസിലുള്ളത്. മുരാരി ബാബുവാണ് ഒന്നാം പ്രതി. രണ്ടാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മൂന്നാം പ്രതി പങ്കജ് ഭണ്ഡാരി, അഞ്ചാം പ്രതി അജി കുമാർ, ആറാം പ്രതി കണ്ഠരര് രാജീവര് ഏഴാം പ്രതി തിരുവാഭരണം കമ്മീഷണര്‍ രജിലാൽ എന്നിവരാണ് മറ്റ് പ്രതികൾ.

പ്രശാന്ത് ഉള്‍പ്പെടെയുള്ള ഏഴ് പേരുടെ പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എസ്‌ഐടി പറയുന്നത്. പ്രതികള്‍ ഒത്തുചേര്‍ന്ന് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ക്രിമിനല്‍ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചതെന്നും എസ്‌ഐടി പറഞ്ഞു. വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തതായും എസ്‌ഐടി പറയുന്നു.

2019ലെ തട്ടിപ്പ് മറയ്ക്കാനാണ് 2025ല്‍ ദ്വാരപാലക പാളികള്‍ കൊണ്ടുപോയത്. അതിനാല്‍ 2023ല്‍ തന്നെ ക്രിമിനല്‍ ഗൂഢാലോചന നടത്തി. സ്വര്‍ണക്കൊള്ളക്കേസില്‍ അന്വേഷണം പൂര്‍ത്തിയായി. ഇനി കുറ്റപത്രം സമര്‍പ്പിക്കുകയാണ് ചെയ്യേണ്ടത്. കേന്ദ്ര ലാബിലെ പരിശോധനയുടെ അവലോകന റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. ചിലര്‍ക്കെതിരായ അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ടെന്നും എസ്‌ഐടി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് ജൂലൈ 20ന് വീണ്ടും പരിഗണിക്കും.