ഞാൻ എല്ലാവർക്കും ഉമ്മ നൽകും എനിക്ക് ആരും തരാനില്ലെന്ന് മോഹൻലാൽ; വിഷമം മാറ്റാൻ വേദിയിൽ വച്ചുതന്നെ സ്നേഹചുംബനം; ഏറ്റെടുത്ത് സോഷ്യൽമീഡിയ

കൊച്ചി: മലയാള സിനിമയുടെ താരസംഘടനയായ അമ്മയുടെ ജനറൽബോഡി യോഗം കഴിഞ്ഞ ദിവസം നടന്നു. യോഗത്തിൽ ചലച്ചിത്ര പുരസ്കാര ജേതാക്കൾക്ക് ഒരുക്കിയ ആദരവിൽ ഇന്ദ്രൻസിന് ഉപഹാരം സമ്മാനിച്ചതിനുശേഷം മോഹൻലാൽ ചുംബിക്കുന്നുണ്ട്. പിന്നാലെ ഇന്ദ്രൻസും മോഹൻലാലിന് സ്നേഹചുംബനം നൽകി.

ഇത് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.  ‘ഞാൻ എല്ലാവർക്കും ഉമ്മ നൽകും എനിക്ക് ആരും തരാനില്ല’ എന്ന് മോഹൻലാൽ പറഞ്ഞപ്പോഴായിരുന്നു ഇന്ദ്രൻസിന്റെ സ്നേഹ ചുംബനം. പുതിയ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ സിദ്ദിഖും വേദിയിലുണ്ടായിരുന്നു.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമായിരുന്നു നടന്നത്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്.

ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണ നേരത്തെ തന്നെ സിദ്ദിഖിനായിരുന്നു. നാല് തവണ എക്സിക്യുട്ടീവ് കമ്മിറ്റിയംഗമായിരുന്നു കുക്കു പരമേശ്വരൻ. ഉണ്ണി ശിവപാൽ 2018-21 കാലത്ത് എക്സിക്യുട്ടീവ് കമ്മിറ്റിയംഗമായിരുന്നു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച മൂന്നാമത്തെയാളായ മഞ്ജു പിള്ള പരാജയപ്പെട്ടു. കുക്കു പരമേശ്വരൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല എന്നിവർ മുൻപ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക സമർപ്പിച്ചെങ്കിലും മോഹൻലാൽ വന്നതോടെ പിന്മാറുകയായിരുന്നു.

ട്രഷറർ പദവിയിലേക്ക് നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഭരണസമിതിയിലെ കമ്മിറ്റി അംഗമായിരുന്ന സിദ്ദിഖിന്റെ പിൻഗാമിയായിട്ടാണ് ഉണ്ണി മുകുന്ദൻ ട്രഷറർ സ്ഥാനത്തേയ്ക്ക് എത്തിയത്.