സ്വകാര്യ ബസ് ബ്രേക്ക് നഷ്ടപ്പെട്ട് പിന്നിലേക്കുരുണ്ടു; അഞ്ച് ഇരുചക്രവാഹനങ്ങളില്‍ കയറിയിറങ്ങി; വലിയ അപകടം ഒഴിവായത് യാത്രക്കാര്‍ ഓടിമാറിയതിനാല്‍

തൃശ്ശൂര്‍: പുതുക്കാട് റെയില്‍വേ ഗേറ്റില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസ് ബ്രേക്ക് നഷ്ടപ്പെട്ട് പുറകിലേക്ക് ഉരുണ്ടിറങ്ങി അഞ്ച് ഇരുചക്രവാഹനങ്ങളിലൂടെ കയറിയിറങ്ങി.

ബസ് പിന്നിലേക്ക് വരുന്നത് കണ്ട് പുറകില്‍ നിന്നിരുന്ന വാഹനയാത്രക്കാര്‍ ഓടിമാറിയതുമൂലം അപകടം ഒഴിവായി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഗേറ്റ് തുറക്കുന്നതിന് വേണ്ടി കാത്തുനിന്ന ഇരുചക്രവാഹനങ്ങളിലൂടെയാണ് ബസ് കയറിയിറങ്ങിയത്.

രണ്ട് മീറ്ററോളം പുറകിലേക്ക് ഇറങ്ങിയ ബസ് ഇരുചക്രവാഹനങ്ങള്‍ അടിയില്‍പെട്ടതോടെ നില്‍ക്കുകയായിരുന്നു. വാഹനങ്ങള്‍ റോഡിലിട്ട് ഓടിമാറുന്നതിനിടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

ചേര്‍പ്പില്‍ നിന്ന് പുതുക്കാട്ടേക്ക് വരികയായിരുന്ന ഭുവനേശ്വരിയമ്മ ബസാണ് അപകടത്തിനിടയാക്കിയത്. കയറ്റമുള്ള ഭാഗത്ത് ഗേറ്റിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ബസ് പെട്ടെന്ന് പുറകിലേക്ക് ഇറങ്ങുകയായിരുന്നു. ഈ സമയത്ത് ബസിന് പുറകിലായി നിരവധി വാഹനങ്ങളാണ് കാത്തുനിന്നിരുന്നത്. ബസിനടിയില്‍പ്പെട്ട ഇരുചക്രവാഹനങ്ങള്‍ ഭാഗീകമായി തകര്‍ന്നു.