കോട്ടയം: തിരുവാതുക്കൽ ദമ്പതി കൊലക്കേസിന്റെ പശ്ചാത്തലത്തിൽ ഒറ്റയ്ക്കു താമസിക്കുന്നവരുടെ ഡേറ്റ ബാങ്ക് തയാറാക്കാൻ പൊലീസ്. ഇതിനുള്ള വിവരശേഖരണം പൊലീസ് ആരംഭിച്ചു. സ്‌റ്റേഷനുകളിൽ ബീറ്റ് അടിസ്ഥാനത്തിൽ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കും.
ജില്ലയിലെ പൊലീസ് സ്‌റ്റേഷനുകളിലെ എല്ലാ പൊലീസുകാരുടെയും സേവനം ഇക്കാര്യത്തിൽ പ്രയോജനപ്പെടുത്തും. പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പഞ്ചായത്ത്, നഗരസഭാ വാർഡുകൾ തിരിച്ചാകും വിവരശേഖരണം.
വാർഡ് അംഗങ്ങൾ മുഖേനയും ജനജാഗ്രതാ സമിതികൾ വഴിയും പ്രാഥമിക വിവരങ്ങൾ കണ്ടെത്തും.
സ്‌റ്റേഷൻ ഹൗസ് ഓഫിസറുടെ നേതൃത്വത്തിൽ പ്രതിമാസ വിലയിരുത്തലുകളുമുണ്ടാകും. എത്രയും വേഗം വിവരശേഖരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് നേരിട്ട് പദ്ധതിയുടെ മേൽനോട്ടം വഹിക്കും.
ഒറ്റയ്ക്കു താമസിക്കുന്നവരുടെ വീടുകളിൽ അടിയന്തര സഹായത്തിനു പൊലീസ് എത്തുംവിധം സംവിധാനം ഒരുക്കാനാണ് വിവരശേഖരണം നടത്തുന്നത്.
