പ്രേമലു 2 ഔട്ട്; രണ്ടാം ഭാഗം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍

ഗിരീഷ് എഡി സംവിധാനം ചെയ്ത് നസ്ലെന്‍ നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’വിന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍.

ചില സാങ്കേതിക കാരണങ്ങളാല്‍ ‘പ്രേമലു 2’ ഉടന്‍ ഉണ്ടാകില്ലെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും, ഇപ്പോള്‍ ചിത്രം പൂര്‍ണമായി ഉപേക്ഷിച്ചുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

 

100 കോടിയിലധികം കളക്ഷന്‍ നേടി ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയ ‘പ്രേമലു’യ്ക്ക് പിന്നാലെ സീക്വല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും, സ്‌ക്രിപ്റ്റ് വര്‍ക്ക് പുരോഗമിക്കാത്തതാണ് ചിത്രം നിലച്ചുപോകാന്‍ കാരണമെന്നു ചില ഓണ്‍ലൈന്‍ ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

 

ഹൈദരാബാദിനെ പശ്ചാത്തലമാക്കി ഒരുങ്ങിയ ‘പ്രേമലു’വില്‍ നസ്ലെനോടൊപ്പം മമിത ബൈജുവാണ് നായികയായി എത്തിയത്. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. വിഷ്ണു വിജയ് സംഗീതം നല്‍കി. ഭാവന സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിച്ചത്.

 

അതേസമയം, ഗിരീഷ് എഡിയുടെ അടുത്ത ചിത്രം ‘ബത്ലഹേം കുടുംബ യൂണിറ്റ്’ ആണ്. നിവിന്‍ പോളി നായകനാകുന്ന ഈ ചിത്രം 2026 ഓണം റിലീസായി തിയേറ്ററുകളിലെത്തുമെന്നതാണ് സൂചന. മമിത ബൈജു നായികയായെത്തുന്ന ചിത്രം ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്. സംഗീതം വിഷ്ണു വിജയ്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു റൊമാന്റിക് കോമഡിയായിരിക്കും ചിത്രമെന്ന് നിവിന്‍ പോളി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

 

ഓണം റിലീസ് സ്ലോട്ട് ഭാവന സ്റ്റുഡിയോസ് ലോക്ക് ചെയ്തിട്ടുണ്ടെന്നും, പൃഥ്വിരാജിന്റെ ‘ഖലീഫ’, ടൊവിനോ തോമസ്‌ബേസില്‍ ജോസഫ് ചിത്രം ‘അതിരടി’, ദുല്‍ഖറിന്റെ ‘ഐ ആം ഗെയിം’ എന്നിവയ്ക്കൊപ്പമാകും ‘ബത്ലഹേം കുടുംബ യൂണിറ്റ്’ റിലീസിനെത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആരാധകര്‍ ‘പ്രേമലു’ പോലെ തന്നെ ഒരു ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ്.