അങ്കണവാടിയിൽ തേനീച്ച ആക്രമണം; 20 ഓളം കുട്ടികളെ രക്ഷപ്പെടുത്തിയ പാചകക്കാരിക്ക് ദാരുണാന്ത്യം

അങ്കണവാടിയിൽ തേനീച്ചയുടെ ആക്രമണത്തെ തുടർന്ന് പാചകക്കാരി മരിച്ചു. സ്വന്തം സുരക്ഷ പണയപ്പെടുത്തി കുഞ്ഞുങ്ങളെ രക്ഷിച്ച അങ്കണവാടി ജീവനക്കാരിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ അങ്കണവാടിയിലാണ് സംഭവം. മദവാഡ പഞ്ചായത്തിലെ അങ്കണവാടി കേന്ദ്രത്തിലാണ് സംഭവം നടന്നത്. കോമ്പൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മേൽ ഒരു വലിയ തേനീച്ചക്കൂട്ടം വലയം വച്ചു. ആ നിമിഷം തന്നെ പാചകക്കാരിയായ കാഞ്ചൻ ബായ് മേഘ്‌വാൾ സ്വന്തം സുരക്ഷയെക്കുറിച്ച് ചിന്തിക്കാതെ സമീപത്ത് കിടന്നിരുന്ന ടാർപോളിനുകളും പായകളും എടുത്ത് ഒന്നൊന്നായി കുട്ടികളെ പൊതിഞ്ഞ്, സ്വന്തം ശരീരം കൊണ്ട് അവരെ സംരക്ഷിച്ച്, കേന്ദ്രത്തിലേക്ക് മാറ്റി. തേനീച്ചകൾക്കും കുട്ടികൾക്കും ഇടയിൽ നിന്ന കാഞ്ചൻ ബായ്ക്ക് നേരെ തേനീച്ചക്കൂട്ടം തിരിഞ്ഞു. നൂറുകണക്കിന് തേനീച്ചക്കൂട്ടം കുത്തിയിട്ടും, അവസാനത്തെ കുട്ടി വരെ സുരക്ഷിതയാകുന്നതുവരെ അവർ പിന്മാറിയില്ല.

ഗ്രാമവാസികൾ സഹായത്തിനായി ഓടിയെത്തിയപ്പോഴേക്കും കാഞ്ചൻ ബായി തളർന്നു വീണിരുന്നു. പിന്നീട് അവരെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും അവർ മരിച്ചതായി ഡോക്ടർമാർ പ്രഖ്യാപിച്ചു. അവരുടെ ശരീരത്തിൽ എണ്ണമറ്റ തേനീച്ചകളുടെ കുത്തേറ്റിരുന്നു.