‘തിയേറ്ററില്‍ സിനിമകണ്ട് വിസിലടിക്കും, പക്ഷേ നാട് അയാള്‍ക്ക് വിട്ടുകൊടുക്കാനാകില്ല’; വിജയ്‌ക്കെതിരെ വിമര്‍ശനവുമായി പ്രകാശ് രാജ്

തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്‌ക്കെതിരെ രൂക്ഷ വിമശനവുമായി നടന്‍ പ്രകാശ് രാജ്.

 

ജനങ്ങളുടെ ഒരു പ്രശ്‌നത്തിലും വിജയ് ഇതുവരെ ഇടപെട്ടിട്ടില്ല. സിനിമയില്‍ അഭിനയിക്കുന്നത് പോലെ മുഖ്യമന്ത്രിയാകാം എന്ന് വിചാരിക്കണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു. പഴനിയിലെ സിപിഐഎം സ്ഥാനാര്‍ഥി എന്‍ പാണ്ടിയുടെ പ്രചാരണത്തിലായിരുന്നു പ്രകാശ് രാജിന്റെ വിമര്‍ശനം.

 

സിനിമയും രാഷ്ട്രീയവും വേറെയാണെന്ന് പ്രകാശ് രാജ് പറഞ്ഞു. കൊടുംചൂടിലും നീണ്ട ക്യൂ നിന്ന് ജനങ്ങള്‍ നിങ്ങളുടെ സിനിമ കാണാന്‍ ടിക്കറ്റെടുക്കും.

 

അന്നത്തെ പണിയും വീട്ടിലെ ഉത്തരവാദിത്തങ്ങളും പോലും മാറ്റിവച്ച്‌ ജനങ്ങള്‍ നിങ്ങളുടെ സിനിമ കാണാന്‍ വരും. അവരുടെ ആ സ്‌നേഹത്തെ നിങ്ങള്‍ രാഷ്ട്രീയ പ്രവേശനത്തിന് വേണ്ടി ഉപയോഗിക്കുന്നത് ശരിയാണോ എന്ന് പ്രകാശ് രാജ് ചോദിച്ചു. ഒരു നടനെ സ്‌ക്രീനില്‍ കാണാന്‍ ഇഷ്ടമാണെങ്കില്‍, ആരാധന ഉണ്ടെങ്കില്‍ താനും ഇതുപോലെ ക്യൂ നിന്ന് സിനിമ കാണുമെന്നും തൊണ്ട പൊട്ടുമാറ് വിസില്‍ മുഴക്കുമെന്നും പ്രകാശ് രാജ് പറഞ്ഞു.

 

പക്ഷേ അവരെ ഈ രാജ്യം ഏല്‍പ്പിച്ച്‌ കൊടുക്കാന്‍ പറ്റില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സിനിമയും രാഷ്ട്രീയവും രണ്ടും രണ്ട് കാര്യങ്ങളാണ്. വ്യത്യസ്തമായ വേറെ വേറെ ഉത്തരവാദിത്തങ്ങളാണത്. സിനിമയില്‍ അഭിനയിക്കുന്നത് പോലെ മുഖ്യമന്ത്രിയാകാം എന്ന് വിചാരിക്കരുതെന്നും പ്രകാശ് രാജ് ഓര്‍മിപ്പിച്ചു.