വോട്ട് ചെയ്യാനാകുമോ എന്ന ആശങ്കയില്‍ പ്രവാസികള്‍; യുദ്ധം തുടര്‍ന്നാല്‍ പ്രതിസന്ധി; ചാര്‍ട്ടര്‍ വിമാനങ്ങളൊരുക്കാൻ സംഘടനകള്‍

ദുബൈ: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിച്ചില്ലെങ്കില്‍ ഗള്‍ഫില്‍ നിന്ന് വോട്ട് ചെയ്യാനെത്തുന്ന പ്രവാസികളുടെ എണ്ണം കുത്തനെ കുറയും.

ഇതൊഴിവാക്കാൻ ചാർട്ടർ ചെയ്ത വിമാനങ്ങള്‍ ഉള്‍പ്പെടെ ഒരുക്കുകയാണ് പ്രവാസി സംഘടനകള്‍. ഏത് തിരക്കുകള്‍ക്കിടയിലും വോട്ടിന് നാട്ടിലെത്തുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, ഇത്തവണയും വോട്ട് മുടക്കില്ലെന്ന നിലപാടിലാണ്.

വോട്ട് ചെയ്യണമെന്ന് വിചാരിച്ചാലും സംഘർഷം തീർന്നില്ലെങ്കില്‍ യാത്ര എളുപ്പമല്ല എന്നതാണ് പ്രവാസികളുടെ പ്രശ്നം. എന്നാലും ചാർട്ടേഡ് വിമാനങ്ങള്‍ സജ്ജീകരിക്കാൻ കെഎംസിസിയും ഇൻകാസും തീരുമാനിച്ചിട്ടുണ്ട്.

“ഹലോ കേരളം ” എന്ന പേരില്‍ കുടുംബാംഗങ്ങളുടെ വോട്ടുറപ്പാക്കാൻ കെഎംസിസിയുടെ ഫോണ്‍ വിളി കാമ്പയിനുമുണ്ട്. കോഴിക്കോട് ജില്ലാ കെഎംസിസി ദുബൈ കമ്മിറ്റി ഇതിനായി യോഗം ചേർന്നു.

കുറഞ്ഞ നിരക്കില്‍ ഇൻകാസും വോട്ടർമാർക്കായി വിമാന യാത്ര ഏർപ്പാടാക്കിയിട്ടുണ്ട്. ‘വോട്ട് ഫോർ കേരള’ എന്ന പേരിലാണ് ഇൻകാസ് യുഎഇ നാഷണല്‍ കമ്മിറ്റിയുടെ ക്യാംപയിൻ. സീസണ്‍ നിരക്കുകളേക്കാള്‍ ഗണ്യമായ കുറവില്‍ യാത്ര ചെയ്യാനുള്ള അവസരമൊരുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇതിനായി സീറ്റുകള്‍ രജിസ്റ്റർ ചെയ്യണം.