‘മമ്മൂട്ടിയെ പോലെ അര്‍ഹരെ തഴഞ്ഞു, എന്താണ് മാനദണ്ഡം’; പദ്മ പുരസ്കാരത്തില്‍ നിന്ന് അർഹരെ തഴഞ്ഞുവെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ

മമ്മൂട്ടിക്കും, ശ്രീകുമാരൻ തമ്ബിക്കും പദ്മ പുരസ്കാരം ഇല്ലാതെ പോയത് എന്ത് കൊണ്ടെന്നും വി.ഡി.സതീശൻ ചോദിച്ചു.

ഇതായിരുന്നു വി.ഡി.സതീശൻ ഫേസ്ബുക് പോസ്റ്റ് പുരസ്കാരം നല്‍കുന്നതിന് മാനദണ്ഡം എന്താണ്. 1998ല്‍ പദ്മശ്രീ കിട്ടിയ മമ്മൂട്ടി കാല്‍നൂറ്റാണ്ടിന് അപ്പുറവും അവിടെ തന്നെ. പുരസ്കാരം നല്‍കുന്നതിന് മാനദണ്ഡം എന്തെന്ന് സതീശൻ ചോദിക്കുന്നു. ഏറ്റവും അർഹതപ്പെട്ട കരങ്ങളില്‍ എത്തുമ്ബോഴാണ് പുരസ്കാരത്തിന് വജ്ര ശോഭ കൈവരുന്നത്. ടി.പത്മനാഭൻ, സാനു മാഷ്, സി.രാധാകൃഷ്ണൻ, സാറാ ജോസഫ്, സജിതാ ശങ്കർ, സുജാതാ മോഹൻ,എം.എൻ കാരിശ്ശേരി, നെടുമുടി വേണു, ഡോ. എം.വി. പിള്ള, ദീപൻ ശിവരാമൻ, ഡോ. വി.എസ്. വിജയൻ തുടങ്ങി എത്രയെത്രയോ പ്രതിഭാശാലികളില്‍ നിന്ന് ഇപ്പോഴും അകന്ന് നില്‍ക്കുകയാണ് പത്മ പുരസ്കാരങ്ങള്‍. പ്രവർത്തന മേഖലകളില്‍ അസാമാന്യ മികവും സ്വാതന്ത്ര്യ ബോധവും നല്ല ചിന്തകളും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചവരുടെ പട്ടിക ഇനിയും നീളും.

ചിരഞ്ജീവിക്ക് പത്മവിഭൂഷണ്‍, മിഥുൻ ചക്രവർത്തിക്ക് പത്മഭൂഷണ്‍ എന്ന വാർത്ത കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വായിച്ചപ്പോള്‍ ഞാൻ ആദ്യം ഓർത്തത് മമ്മൂട്ടിയെ കുറിച്ചാണ്. 1998 ല്‍ പത്മശ്രീ കിട്ടിയതാണ് മമ്മൂട്ടിക്ക്. കാല്‍ നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നില്‍ക്കുകയാണ് മമ്മൂട്ടി. അദ്ദേഹത്തിൻ്റെ സിനിമാ ജീവിതത്തെയോ അഭിനയത്തികവിനെയോ ഞാൻ വിസ്തരിക്കേണ്ടതില്ല. ഒരു ഇന്ത്യൻ ചലച്ചിത്ര താരത്തെ പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതിക്ക് പരിഗണിക്കുന്നു എങ്കില്‍ ആദ്യത്തെ പേരുകാരൻ മമ്മൂട്ടിയാണെന്നതില്‍ തർക്കമില്ല. പി.ഭാസ്കരൻ മാഷിൻ്റെയും ഒ.എൻ.വിയുടേയും സമകാലികനാണ് ശ്രീകുമാരൻ തമ്ബി. പത്മ പുരസ്ക്കാരത്തിന് എന്നേ അർഹൻ. എന്താണ് പുരസ്കാര പട്ടികയില്‍ ആ പേരില്ലാത്തത്? രാജ്യം നല്‍കുന്ന ആദരമാണ് പത്മ പുരസ്കാരങ്ങള്‍. ഇന്ത്യയെന്ന മനോഹരവും ഗംഭീരവുമായ സങ്കല്‍പ്പത്തെ കൂടുതല്‍ ഉജ്വലമാക്കുന്നതാവണം രാജ്യം നല്‍കുന്ന ആദരം.എല്ലാ പുരസ്കാര ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍.