തിരുവനന്തപുരം: തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.വാഹന മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത പ്രതിയെ ക്രൂരമായി മർദ്ദിച്ചതിനാണ് നടപടി.
കോട്ടയം സ്വദേശിയായ ജിനു ബേബി, ഉണ്ണി എന്നിവരെയാണ് ബൈക്ക് മോഷണക്കേസില്‍ പൊലീസ് പിടികൂടിയത്. ജിനുവിനെ പൊലീസുകാർ ക്രൂരമായി മർദ്ദിച്ചുവെന്ന് ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൊച്ചിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ചപ്പോഴായിരുന്നു മർദ്ദനം.
തിരുവനന്തപുരത്ത് ഒരു ഹോട്ടലിനുമുന്നില്‍ വച്ചിരുന്ന ബൈക്കാണ് പ്രതികള്‍ മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് സ്ഥിരം മോഷ്ടാവായ ജിനുവിനെ പൊലീസ് തിരിച്ചറിഞ്ഞത്.
കൊച്ചിയിലെ ഡാൻസാഫ് സംഘം ജിനുവിനെ പിടികൂടി സെൻട്രല്‍ പൊലീസിന് കൈമാറി. തുടർന്ന് ജിനുവിനെയും കൂട്ടുപ്രതിയായ ഉണ്ണിയെയും പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയെയും ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷണം നടത്തിയത് തെളിഞ്ഞതോടെ പ്രായപൂർത്തിയാകാത്തയാളെ ഒഴിവാക്കി കേസില്‍ ജിനുവിനെയും ഉണ്ണിയെയും മാത്രമാണ് പ്രതിചേർത്തത്.
കഴിഞ്ഞ ശനിയാഴ്‌ച ഇരുവരെയും റിമാൻഡ് ചെയ്തു. വൈദ്യ പരിശോധനയിലാണ് ജിനുവിന്റെ ആരോഗ്യനില മോശമാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ ഗ്രേസ് എസ്‌ഐ ശ്രീകുമാർ, പൊലീസുകാരായ സുനില്‍, ഗിരീഷ്, സിജുകുമാർ എന്നിവരാണ് നടപടി നേരിട്ടത്. സിസിടിവി പരിശോധനയിലാണ് മർദ്ദനവിവരം പുറത്തുവന്നത്.
