സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യ വീണ്ടും; രണ്ടുദിവസത്തിനിടെ രണ്ട് പോലീസ് ഉദ്യോ​ഗസ്ഥർ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാർ; ഒരാഴ്ചക്കിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് മൂന്ന് പോലീസ് ഉദ്യോ​ഗസ്ഥർ

ആലപ്പുഴ/വയനാട്: സംസ്ഥാനത്ത് വീണ്ടും പോലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യ. വയനാട്ടിലും ആലപ്പുഴയിലും രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാരാണ് ജീവനൊടുക്കിയത്.

വയനാട് പുൽപ്പള്ളിയിൽ സസ്പെന്‍ഷനിലായിരുന്ന സിവില്‍ പോലീസ് ഓഫീസറെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പട്ടാണിക്കൂപ്പ് മാവേലിപുത്തന്‍പുരയില്‍ ജിന്‍സണ്‍ ആണ് മരിച്ചത്. സുല്‍ത്താൻ ബത്തേരി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ജിന്‍സണ്‍ ഒരു വര്‍ഷത്തോളമായി സസ്‌പെഷന്‍ഷനിലാണ്.

ഇന്നലെയാണ് മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം വാതിലടച്ച് മുറിയ്ക്കുള്ളില്‍ പോയ ജിന്‍സണ്‍ വൈകുന്നേരമായിട്ടും പുറത്തേക്ക് വന്നില്ല. ബന്ധുക്കളെത്തി വാതില്‍ ചവിട്ടിതുറന്ന് നോക്കുമ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആലപ്പുഴയിലും പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പുളിങ്കുന്ന് സ്റ്റേഷനിലെ സിപിഒ സജീഷ് ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കൈനടിയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംസ്ഥാനത്ത് ഒരാഴ്ചക്കിടെ മൂന്നു പൊലീസുകാരാണ് സംസ്ഥാനത്ത് ജീവനൊടുക്കിയത്.