മൂന്ന് വയസ്സുള്ള മകന് വിഷം നൽകിയ ശേഷം വിഷം കഴിച്ച് അമ്മ മരിച്ചു; മകൻ ആശുപത്രിയിൽ ചികിത്സയിൽ

ഇടുക്കി: കമ്പംമെട്ടിൽ മൂന്ന് വയസ്സുള്ള മകന് വിഷം നൽകിയ ശേഷം വിഷം കഴിച്ച് അമ്മ മരിച്ചു.

കമ്പംമെട്ട് കുഴിക്കണ്ടം സ്വദേശി രമേശിന്റെ ഭാര്യ ആര്യ മോൾ (24) ആണ് മരിച്ചത്. അപകട നില തരണം ചെയ്ത മകൻ ആരോമൽ ആശുപത്രിയിൽ ചികിത്സയിലാണ്.

കുടുംബ പ്രശ്നത്തെ തുടർന്ന് ആര്യമോൾ മകനുമൊത്ത് ജീവനൊടുക്കാൻ ശ്രമിച്ചതാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയിൽ ആര്യമോളുടെ വായിലൂടെ നുരയും പതയും വരുന്നത് കണ്ട് വീട്ടുകാരാണ് തൂക്കുപാലത്തെ ആശുപത്രിയിൽ എത്തിച്ചത്.

ആരോമലിനെയും ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ആര്യമോളെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.