ന്യൂഡല്‍ഹി: വയനാട് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനം കവർന്ന മൂന്നു വയസുകാരി നൈസ (റൂബിയ) ദേശീയ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞ് രാജ്യത്തിന്റെ ഓമനയായി.
മോദിയെ കെട്ടിപ്പിടിച്ചു ചിരിച്ചു നില്‍ക്കുന്ന നൈസയുടെ മുഖം വയനാട്ടിലെ ജനതയുടെ അതിജീവനത്തിന്റെ പ്രതീകമായി. ഉരുള്‍പ്പൊട്ടലില്‍ പരിക്കേറ്റ് മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന നൈസയ്ക്ക് ഉമ്മ ജെസീല മാത്രമാണ് ഇന്നുള്ളത്.
ഉപ്പയും സഹോദരങ്ങളുമടക്കം ഉറ്റവരെയെല്ലാം ദുരന്തം കവർന്നു. ചെളിയില്‍ കുടുങ്ങിയ നൈസയെ ബന്ധുവായ സ്ത്രീയാണ് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മകള്‍ രക്ഷപ്പെട്ട വിവരം ജെസീല തിരിച്ചറിഞ്ഞത്.
പ്രധാനമന്ത്രി വരുമ്പോള്‍ നമസ്‌തെ പറയണം എന്ന് ആരോ പറഞ്ഞിരുന്നു. പ്രധാനമന്ത്രി എത്തിയപ്പോള്‍ നൈസ കൈ കൂപ്പി. തിരിച്ച് നമസ്‌തെ പറഞ്ഞ് മോദിയും കൈകൂപ്പി. അരികില്‍ ചെന്ന് മോദി കൈ നീട്ടിയപ്പോള്‍ അവളും കൈ നല്‍കി.
കട്ടിലിനരികില്‍ നിന്ന് മോദി അവളെ ചേർത്തു നിർത്തി തലോടി ലാളിച്ചു. നൈസ മോദിയുടെ താടിയില്‍ പിടിച്ച് കളിക്കാൻ തുടങ്ങി. തന്റെ മുഖത്തും കണ്ണടയിലും കൗതുകത്തോടെ തലോടിയ നൈസയെ മോദി വാത്സല്യത്തോടെ ലാളിക്കുന്ന ദൃശ്യങ്ങള്‍ രാജ്യത്തിന്റെയാകെ മനംകവർന്നു.
മോദി ജെസീലയുമായും സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. നൈസ ഇപ്പോള്‍ ആശുപത്രി വാർഡില്‍ ഓടിനടക്കുകയാണ്. കുഞ്ഞിനെ വാരിപ്പുണർന്ന് ദുഖം കടിച്ചൊതുക്കി കഴിയുകയാണ് ജസീല. ചൂരല്‍മല സ്‌കൂള്‍ റോഡില്‍ മുകള്‍ ഭാഗത്താണ് താമസിച്ചിരുന്നത്.
നൈസയുടെ പിതാവ് ഷാജഹാനും സഹോദരങ്ങളായ ഹീന, ഫൈസ, മാതാപിതാക്കളായ മുഹമ്മദ്കുട്ടി, ജസീല, മുഹമ്മദ്കുട്ടിയുടെ സഹോദരൻ ഹംസ, രണ്ട് പേരക്കുട്ടികള്‍ എന്നിവരും വീടോടൊപ്പം ഒഴുകിപ്പോയി.
