പനിബാധിച്ച് പ്ലസ് ടു വിദ്യാർഥിനി മരിച്ച സംഭവം; പെൺകുട്ടി ഗർഭിണിയായത് സഹപാഠിയിൽ നിന്ന്; പനി ഉണ്ടായത് വയറ്റിലെ അണുബാധയെ തുടർന്ന്; അണുബാധയ്ക്ക് കാരണമായത് ഗർഭചിത്രത്തിനുള്ള മരുന്ന് നൽകിയത്; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

അടൂര്‍: പനി ബാധിച്ച്‌ മരിച്ച പതിനേഴുകാരി ഗര്‍ഭിണിയായിരുന്നുവെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ അന്വേഷണം ഊര്‍ജിതമാക്കിയ പോലീസിന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍.

ആറു മാസം ഗര്‍ഭിണിയായിരുന്ന പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് നല്‍കിയതാകാം അണുബാധയുണ്ടാകാന്‍ കാരണമായതെന്നാണ് പോലീസിന്റെ നിഗമനം. പ്ലസ്ടുവിന് പഠിക്കുന്ന പെണ്‍കുട്ടി സഹപാഠിയില്‍ നിന്നാണ് ഗര്‍ഭം ധരിച്ചത് എന്നാണ് പോലീസിന് ലഭിച്ചിരുന്ന നിഗമനം.

വയറ്റിലെ അണുബാധയെ തുടര്‍ന്നാണ് കുട്ടിക്ക് പനിയുണ്ടായത്. ആദ്യം ചികില്‍സ തേടിയത് ഒരു സ്വകാര്യ ആശുപത്രിയിയിലാണ്. അവിടെ നിന്ന് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു വന്നു.

രക്തത്തില്‍ അണുബാധയുണ്ടെന്ന് സ്ഥിരീകരിക്കുകയും നില വഷളാവുകയും ചെയ്തതോടെ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍, ബന്ധുക്കളുടെ ആവശ്യ പ്രകാരം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടെ കുട്ടിയുടെ ബന്ധുക്കളുണ്ട് എന്ന കാരണം പറഞ്ഞായിരുന്നു ഇത്.

ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചു പോവുകയും യഥാസമയം നീക്കം ചെയ്യാതെ വരികയും ചെയ്തതോടെ അണുബാധയുണ്ടായി രക്തത്തില്‍ കലരുകയുമായിരുന്നുവെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. ആരാണ് മരുന്നു നല്‍കിയത് എന്നത് സംബന്ധിച്ച്‌ പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ 22 നാണ് പെണ്‍കുട്ടി ചികില്‍സ തേടിയത്.

ഇന്നലെയാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വച്ച്‌ പെണ്‍കുട്ടി മരിച്ചത്. സംശയം തോന്നിയ ഡോക്ടര്‍മാര്‍ പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോഴാണ് ആറു മാസം ഗര്‍ഭിണിയായിരുന്നുവെന്ന് മനസിലായത്. അതു വരെ പെണ്‍കുട്ടിയുടെ ഗര്‍ഭാവസ്ഥയെ കുറിച്ച്‌ ആരും അറിഞ്ഞിരുന്നില്ലെന്നുള്ള ബന്ധുക്കളുടെ മൊഴി പോലീസ് കണക്കിലെടുത്തിട്ടില്ല.