എരുമേലിയിൽ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചതിന് പിന്നാലെ ഭർത്താവും മകളും മരണത്തിന് കീഴടങ്ങി; മരണം കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ

കോട്ടയം: എരുമേലിയിൽ വീടിനു തീപിടിച്ച് മരിച്ച വീട്ടമ്മയ്ക്കു പിന്നാലെ ഭർത്താവും മകളും മരണത്തിനു കീഴടങ്ങി. കനകപ്പലം ശ്രീനിപുരം കോളനിക്കു സമീപം പുത്തൻപുരക്കൽ വീട്ടിൽ സീതമ്മ(50)യുടെ ഭർത്താവ് സത്യപാലൻ(53), മകൾ അഞ്ജലി (26) എന്നിവരാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.

സീതമ്മയുടെ മകൻ ഉണ്ണിക്കുട്ടൻ(22) പൊള്ളലേറ്റ് ചികിത്സിയിലാണ്. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. രാവിലെ ഒരു യുവാവ് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലെത്തി അഞ്ജലിയെ വിവാഹം കഴിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നു.

ഇവർ പോയതിനു പിന്നാലെ ഇതു സംബന്ധിച്ച് വീട്ടിൽ തർക്കമുണ്ടായി. പിന്നാലെ വീട്ടിനുള്ളിൽ തീ പടരുകയായിരുന്നു. സീതമ്മ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് വിവരം. ഇവരെ പിടിച്ചു മാറ്റുന്നതിനിടെയാണ് ബാക്കിയുള്ളവർക്ക് പൊള്ളലേറ്റത്.

അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. വീട് പൂർണമായും കത്തി നശിച്ചു. മൈക്ക് സെറ്റ് പ്രവർത്തിപ്പിക്കുന്ന ജോലിയാണ് സത്യപാലന്റേത്.