ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ കമന്റിലെ അക്ഷരതെറ്റ് സുഹൃത്തിന്റെ ശ്രദ്ധയിൽപെടുത്തിയതിൽ വിരോധം; പ്ലസ്ടു വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ക്രൂരമായി മർദ്ദിച്ചു; തലയ്ക്കടിച്ച് ചവിട്ടി വീഴ്ത്തി; ഓടാൻ ശ്രമിച്ചപ്പോൾ പിടിച്ചുനിർത്തി മർദ്ദിച്ചു

മൂന്നിലവ്: ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ കമന്റുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ പ്ലസ്ടു വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ചേർന്നു ക്രൂരമായി മർദ്ദിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3നാണു സംഭവം. വിദ്യാർത്ഥി ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സഹപാഠികളായ 2 പേർക്കു പുറമേ മറ്റു 2 പേരും മർദ്ദിച്ച സംഘത്തിലുണ്ടായിരുന്നുവെന്നു വിദ്യാർത്ഥി പറഞ്ഞു. മേലുകാവ് പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. മർദ്ദനത്തിനു നേതൃത്വം കൊടുത്തവരിലൊരാൾ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിനു മറ്റൊരു വിദ്യാർത്ഥി കമന്റിട്ടു. ഈ കമന്റിലെ ഒരു അക്ഷരത്തെറ്റ്, അടി കിട്ടിയ വിദ്യാർത്ഥി പോസ്റ്റിട്ട സുഹൃത്തിന്റെ ശ്രദ്ധയിൽപെടുത്തി.

ഇതിനെച്ചൊല്ലിയുണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചെന്നാണു പറയുന്നത്. പ്രശ്നം സംസാരിച്ചുതീർക്കാമെന്നു പറഞ്ഞ് സഹപാഠികൾ, അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടിയ വിദ്യാർത്ഥിയെ വിളിച്ചുവരുത്തി. പ്രദേശത്തെ ഒഴിഞ്ഞ വീടിനു സമീപം കാറിലെത്തിയ സംഘത്തിൽ സഹപാഠികളായ 2 പേർക്കൊപ്പം പുറത്തുനിന്നുള്ള 2 പേർ കൂടി ഉണ്ടായിരുന്നു.

കാറിൽ കരുതിയിരുന്ന പിവിസി പൈപ്പ് കൊണ്ടു തലയ്ക്കടിക്കുകയും ചവിട്ടിവീഴ്ത്തുകയും ചെയ്തു. ഓടാൻ ശ്രമിച്ചപ്പോൾ പിടിച്ചുനിർത്തിയും മർദ്ദിച്ചു. നിലത്തുവീണപ്പോൾ ചവിട്ടി. ശബ്ദം കേട്ടു സമീപവാസികൾ എത്തിയപ്പോൾ സംഘം കാറിൽ കടന്നുകള‍ഞ്ഞു. സംഭവമറിഞ്ഞെത്തിയ വീട്ടുകാരാണു കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.