പത്തനംതിട്ട: അടൂരില്‍ അയല്‍വാസിയുടെ പൂവൻ കോഴിയുടെ കൂവല്‍ ശല്യമാകുന്നു എന്ന പരാതിയില്‍ നടപടിയുമായി ആർ.ഡി.ഒ.
അടൂർ പള്ളിക്കല്‍ വില്ലേജില്‍ ആലുംമൂട് പ്രണവത്തില്‍ രാധാകൃഷ്ണക്കുറുപ്പാണ് തന്റെ അയല്‍വാസിയുടെ പൂവൻ കോഴി കൂവുന്നത് ശല്യമാകുന്നു എന്ന പരാതി നല്‍കിയത്. ഇതോടെ ഇയാളുടെ അയല്‍വാസി പള്ളിക്കല്‍ കൊച്ചു തറയില്‍ അനില്‍ കുമാറിന്റെ വീടിനു മുകളിലെ നിലയില്‍ സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂട് അവിടെ നിന്നും മാറ്റണമെന്ന് അടൂർ ആർ.ഡി.ഒ. ബി.രാധാകൃഷ്ണൻ നിർദ്ദേശം നല്‍കി.
പുലർച്ചെ മൂന്നു മുതല്‍ പൂവൻകോഴി കൂവുന്നത് കാരണം സ്വൈര്യ ജീവിതത്തിന് തടസമുണ്ടെന്ന് കാണിച്ചാണ് രാധാകൃഷ്ണക്കുറുപ്പ് അടൂർ ആർ.ഡി.ഒയ്ക്ക് പരാതി നല്‍കിയത്. പരാതിയിന്മേല്‍ ഇരുകൂട്ടരുടേയും വാദം കേട്ട ശേഷം സ്ഥലപരിശോധനയും നടത്തി.
കെട്ടിടത്തിന്റെ മുകളില്‍ വളർത്തുന്ന കോഴികളുടെ കൂവല്‍ പ്രായമായതും രോഗാവസ്ഥയില്‍ കഴിയുന്നതുമായ പരാതിക്കാരന് രാത്രിയില്‍ സ്വസ്ഥമായി ഉറങ്ങുന്നതിന് തടസം ഉണ്ടാക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. ഇതോടെ അനില്‍ കുമാർ താമസിക്കുന്ന വീടിന് മുകളിലായി സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂട് അവിടെ നിന്നും വീടിന്റെ കിഴക്ക് ഭാഗത്തേക്ക് മാറ്റണമെന്നും
ആർ.ഡി.ഒ. ഇറക്കിയ ഉത്തരവില്‍ പറയുന്നു.
ഉത്തരവ് കൈപ്പറ്റി 14 ദിവസത്തിനുള്ളില്‍ നിർദേശം പാലിക്കണമെന്നും ഇതില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
