യാത്ര പോവുകയാണോ?; വീട്ടിലെ ചെടികളെയോര്‍ത്ത് വിഷമിക്കേണ്ട; പ്രതിവിധിയുണ്ട്

കോട്ടയം: യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ആറ്റുനോറ്റു വളർത്തിയ ചെടികള്‍ വാടിത്തളർന്നു നില്‍ക്കുന്ന കാഴ്ച എല്ലാ ചെടി പ്രേമികളുടേയും പേടി സ്വപ്നമാണ്.

ഒട്ടു മിക്ക ഇൻഡോർ പ്ലാന്റുകളും ദിവസ്സങ്ങളോളം വെള്ളമില്ലാതെ അതിജീവിക്കുമെങ്കിലും ചില ചെടികള്‍ പെട്ടന്ന് പിണങ്ങിയേക്കാം. എന്നും വെള്ളമൊഴിക്കാൻ കഴിയാത്ത സാഹചര്യത്തില്‍ നിത്യേന വെള്ളം ആവശ്യമായ ചെടികളിലേക്ക് ഈർപ്പമെത്തിക്കാനുള്ള ചില മാർഗ്ഗങ്ങള്‍ നോക്കാം.

കോട്ടണ്‍ തുണി മാത്രം മതി

ചുരുട്ടിയ കോട്ടണ്‍ തുണി വെള്ളത്തില്‍ നനച്ച്‌ മണ്ണിലേക്ക് മുട്ടുന്ന പോലെ വെക്കാം. മണ്ണിന്റെ ഉള്ളിലേക്ക് നനവെത്തുന്ന പോലെ ഈ തുണി വെക്കണം.

വീട്ടലെ പ്ലാസ്റ്റിക് കുപ്പിതന്നെ ധാരാളം

ചെടിയ്ക്ക് നനവ് നല്‍കാൻ വീട്ടിലുള്ള പ്ലാസ്റ്റിക് കുപ്പി തന്നെ ധാരാളമാണ്. ഉപയോഗിച്ചുപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികളില്‍ ചെറിയ ദ്വാരങ്ങള്‍ ഇട്ട് മൂടി അടച്ച്‌ ചെടിച്ചട്ടികളിലേക്ക് ഇറക്കിവെക്കാം.

യാത്ര പോകുന്നതിന് തൊട്ടുമുമ്ബ് സാധാരണ ചെയ്യുന്നതുപോലെ ചെടിയ്ക്ക് വെള്ളം നല്‍കാം. തുടർന്ന് ദ്വാരങ്ങളുള്ള കുപ്പിയിലേക്ക് വെളളം നിറച്ച്‌ മണ്ണിലേക്ക് ഇറക്കി വെക്കാം. ചെടിയുടെ തൊട്ടരികില്‍ വെക്കാതിരിക്കാൻ ശ്രദ്ധിക്കാം. ദ്വാരങ്ങളിലൂടെ ഈർപ്പം ചെടികളിലേക്കെത്തും.

പ്ലാസ്റ്റിക് കവറുകളിലെ ഗ്രീൻ ഹൗസ്

ദീർഘനാളത്തെ അവധിക്കായാണ് വിട്ടുനില്‍ക്കുന്നെതെങ്കില്‍ പരീക്ഷിക്കാവുന്നതാണ് പ്ലാസ്റ്റിക് കവറുകളിലെ ഗ്രീൻ ഹൗസ്.

ചെറിയ ചട്ടിയിലുള്ള ഇൻഡോർ പ്ലാന്റുകളില്‍ ഈ മാർഗ്ഗം കൂടുതല്‍ പ്രായോഗികമാകും. ഇലകള്‍ പ്ലാസ്റ്റിക് കവറുകളില്‍ മുട്ടി കേടാകാത്ത വലുപ്പത്തിലുള്ള കവറുകള്‍ തിരഞ്ഞെടുക്കണം. സാധാരണ നല്‍കുന്ന വെള്ളം ഒഴിച്ച ശേഷമാണ് ചെടി കവറിലേക്ക് ഇറക്കി വെക്കേണ്ടത്. ബലൂണ്‍ പോലെ കവർ മൂടിയ ശേഷം നേരിട്ട് വെളിച്ചമടിക്കാത്ത സ്ഥലങ്ങളില്‍ ചെടി സൂക്ഷിക്കാം. ബാഷ്പീകരണം സംഭവിക്കുമ്പോള്‍ ചെടിയുടെ ചുവട്ടിലുള്ള നനവില്‍ നിന്ന് വെള്ളം തുള്ളികളായി ചെടിയിലേക്ക് വീഴും.