കോട്ടയം: വൈവിദ്ധ്യപൂർണമായ പ്രത്യേകതകള്‍ നിറഞ്ഞ നാടാണ് നമ്മുടെ ഭാരതം
കേരളത്തിലും ഇത്തരത്തില്‍ അമ്പരപ്പിക്കുന്നതും കൗതുകകരവുമായ പ്രത്യേകതയുള്ള നിരവധി സ്ഥലങ്ങളുണ്ട്. ഇതില്‍ പ്രധാനമാണ് ഹൈന്ദവ ക്ഷേത്രങ്ങള്‍. വർഷത്തില്‍ കുറച്ചുദിവസങ്ങള്‍ മാത്രം തുറന്നിരിക്കവെ കോടിക്കണക്കിന് ജനങ്ങളെത്തുന്ന ക്ഷേത്രങ്ങളുണ്ട്.
പ്രധാന ക്ഷേത്രങ്ങളിലെ ഒരു നട ദിവസങ്ങള്‍ മാത്രം തുറക്കുന്ന പ്രത്യേകതകളും ഇവിടുണ്ട്. ഇത്തരം കേരളത്തിലെ അനേകായിരം ക്ഷേത്രങ്ങളില്‍ ആദ്യം തുറക്കുന്നത് ഏത് ക്ഷേത്രമെന്നറിയുമോ?
കോട്ടയം ജില്ലയില്‍ കോട്ടയം താലൂക്കില്‍ തിരുവാർപ്പ് ഗ്രാമത്തിലുള്ള തിരുവാർപ്പ് ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രമാണ് ഇന്ത്യയില്‍ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം. പുലർച്ചെ രണ്ട് മണിയ്‌ക്കാണ് ക്ഷേത്രം തുറക്കുക. പാണ്ഡവരുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള ക്ഷേത്രത്തിന് 1500 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് ചരിത്രം.
കംസവധം കഴിഞ്ഞ് ക്ഷീണിച്ച കോപത്തോടെയുള്ള കൃഷ്‌ണനാണ് ഇവിടെ പ്രതിഷ്‌ഠാ സങ്കല്‍പം. ചതുർബാഹുവായ കൃഷ്‌ണ വിഗ്രഹം പ്രതിഷ്‌ഠിച്ചത് വില്വമംഗലം സ്വാമിയാരാണ്. കംസനെ വധിച്ച് വിശന്നും ക്ഷീണിച്ചുമെത്തിയ കൃഷ്‌ണനെ അമ്മ യശോദ ഉഷപായസം നല്‍കി വിശപ്പകറ്റി. ഈ സങ്കല്‍പത്തിലുള്ള കൃഷ്‌ണനാണ് പ്രതിഷ്‌ഠ.
പാണ്ഡവരുടെ വനവാസകാലത്ത് കൃഷ്‌ണൻ അവർക്ക് പൂജിക്കാൻ ഈ വിഗ്രഹം നല്‍കി. വനവാസ ശേഷം പാണ്ഡവർ ഈ വിഗ്രഹം അക്ഷയപാത്രത്തില്‍ വച്ച് ഒഴുക്കി.
പിന്നീട് വില്വമംഗലം സ്വാമിയാർക്ക് ഒരിക്കല്‍ ഈ വിഗ്രഹം ലഭിച്ചു. വള്ളത്തില്‍ സഞ്ചരിക്കവെ വിഗ്രഹത്തില്‍ തട്ടി നില്‍ക്കുകയായിരുന്നു. സ്വാമിയാർ യാത്രക്കിടെ ക്ഷീണം തോന്നിയപ്പോള്‍ കരയ്‌ക്കടുപ്പിച്ചു. മരച്ചുവട്ടില്‍ വിശ്രമിക്കാൻ ഇരുന്നപ്പോള്‍ വിഗ്രഹം ഒരു വാർപ്പില്‍ എടുത്തുവച്ചു. ഉറക്കമുണർന്ന സ്വാമിയാർ വിഗ്രഹം എടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതോടെ സ്വാമിയാർ ഇവിടെ ക്ഷേത്രം പണിത് വിഗ്രഹം അവിടെ പ്രതിഷ്‌ഠിക്കാൻ അറിയിച്ചു. വാർപ്പില്‍ കൃഷ്‌ണവിഗ്രഹം വച്ച് പ്രതിഷ്‌ഠിച്ചതിനാല്‍ തിരുവാർപ്പ് എന്ന് ഈ സ്ഥലത്തിന് പേരുവന്നു.
ക്ഷേത്രം പുലർച്ചെ രണ്ട് മണിയോടെ തുറക്കും. അഥവാ തുറക്കാനായില്ലെങ്കില്‍ വാതില്‍ വെട്ടിപ്പൊളിക്കാനായി മേല്‍ശാന്തിയുടെ കൈവശം ക്ഷേത്രതാക്കോലിനൊപ്പം ഒരു കോടാലിയും ഉണ്ടാകും.
രണ്ട് മണിക്ക് നടതുറന്നാല്‍ കൃഷ്‌ണന് അഭിഷേകം നടത്തും. തുടർന്ന് ഉഷപായസം നേദിക്കും. അഭിഷേക ശേഷം വിഗ്രഹത്തില്‍ തല മാത്രമേ തുവർത്തൂ. ഉഷപായസം നേദിച്ച ശേഷമാണ് ശരീരം തുവർത്തുന്നത്.
ഒരിക്കല്‍ സൂര്യഗ്രഹണ സമയത്ത് നടയടച്ച ശേഷം തുറന്നപ്പോള്‍ വിഗ്രഹത്തിലെ അരഞ്ഞാണം താഴെവീണതായി കണ്ടു. കൃഷ്‌ണന് വല്ലാതെ വിശന്നതാണ് കാരണം എന്ന് ഇതറിഞ്ഞ് വില്വമംഗലം സ്വാമിയാർ അറിയിച്ചു. അതിനുശേഷം സൂര്യഗ്രഹണത്തിന് ക്ഷേത്രം അടയ്‌ക്കാറില്ല. ചതുർബാഹുവായ കൃഷ്‌ണന് പുറമേ ഭൂതനാഥൻ, സുബ്രഹ്‌മണ്യൻ, ഗണപതി, യക്ഷി, ശിവൻ, ഭഗവതീ എന്നിവരുടെ ഉപദേവതാ പ്രതിഷ്‌ഠയുമുണ്ട്.
