പൈനാപ്പിള്‍ ചില്ലറക്കാരനല്ല..! ധാതുക്കളുടെയും ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടം; അറിയാം ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന്

കോട്ടയം: പോഷകസമൃദ്ധവും രുചികരവുമായ ഒരു പഴമാണ് പൈനാപ്പിള്‍. വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമാണിത്.

ദഹനം എളുപ്പമാക്കാനും ഇത് സഹായിക്കുന്നു.

കുട്ടികള്‍ക്കു നല്‍കാൻ മികച്ച ഒരു പഴമാണിത്. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുള്‍പ്പെടെ നിരവധി ആരോഗ്യഗുണങ്ങള്‍ കൈതച്ചക്കയ്ക്കുണ്ട്. വൈറ്റമിൻ സിയും എയും ധാരാളമായടങ്ങിയ ഈ പഴത്തില്‍ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും ഉണ്ട്. ഇതു കൂടാതെ മഗ്നീഷ്യവും ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളേറ്റ് ഇവയുമുണ്ട്.

ബ്രോമെലെയ്ൻ എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളില്‍ ഉണ്ട്. ഇതിന് കാൻസറിനെ പ്രതിരോധിക്കാനും ഇൻഫ്ലമേഷൻ തടയാനുമുള്ള കഴിവുണ്ട്. രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം എല്ലുകളെ ശക്തിപ്പെടുത്താനും പൈനാപ്പിളിന് കഴിയും.

ശരീരഭാരം കുറയ്ക്കുന്ന പൈനാപ്പിളിന് പൊണ്ണത്തടി കുറയ്ക്കാനുള്ള കഴിവുണ്ട്. പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം, ബിഎംഐ, കൊഴുപ്പ് അടിഞ്ഞു കൂടുന്നത്, കരളിലെ കൊഴുപ്പിന്റെ അളവ് ഇവയെല്ലാം കുറയ്ക്കുമെന്ന് എലികളില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു. കുടവയർ കുറയ്ക്കാനും പൈനാപ്പിള്‍ മികച്ചതു തന്നെ.

∙ ദഹനത്തിനു സഹായകം

ബ്രോമലെയ്ൻ അടങ്ങിയ പൈനാപ്പിള്‍ ദഹനപ്രശ്നങ്ങള്‍ അകറ്റും.

∙കാൻസർ സാധ്യത കുറയ്ക്കുന്നു. ബ്രോമലൈറ്റിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. മലാശയ അര്‍ബുദം തടയാനും ഇത് സഹായിക്കുന്നു. സ്തനാര്‍ബുദ കോശങ്ങളുടെ വ്യാപനം തടയാനും ബ്രോമലെയ്ന് കഴിവുണ്ട്.

∙ഇൻഫ്ലമേഷൻ തടയുന്നു- ഇൻഫ്ലമേഷൻ തടയാൻ പൈനാപ്പിളിലടങ്ങിയ ബ്രോമലെയ്ൻ സഹായിക്കുന്നു. പൈനാപ്പിള്‍ സത്ത് അലർജിക്ക് എയർവേ ഡിസീസ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ തടയാൻ ഫലപ്രദമാണ്.

∙സന്ധിവാതത്തിന്- ഓസ്റ്റിയോ ആർത്രൈറ്റിസിന്റെ ചികിത്സയ്ക്കു സഹായകം. അനാള്‍ജെസിക് ഗുണങ്ങള്‍ ഉള്ള ബ്രോമെലെയ്ൻ, വീക്കവും വേദനയും കുറയ്ക്കുന്നു.

∙ എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ വളർച്ചയ്ക്കു ആവശ്യമായ മാംഗനീസ് പൈനാപ്പിളിലുണ്ട്. കൂടാതെ ജീവകം സി യും ഉണ്ട്. പൈനാപ്പിള്‍ കുട്ടികളില്‍ എല്ലുകളുടെ വളർച്ചയ്ക്കു സഹായിക്കുകയും മുതിർന്നവരില്‍ എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.