പ്രവാസികള്‍ക്ക് ഫെഡറല്‍ ബാങ്കിന്റെ സമ്മാനം; 60 ലക്ഷത്തിന്റെ ഫ്രീ ഇൻഷുറൻസും ഫ്ളൈറ്റ് ടിക്കറ്റിന് 24 ശതമാനം കിഴിവും

ദുബായ്: പ്രോസ്‌പെര എന്ന പേരിലുള്ള പുതിയ എൻആർഇ സേവിംഗ്സ് അക്കൗണ്ട് ഫെഡറല്‍ ബാങ്ക് പുറത്തിറക്കി.

60 ലക്ഷം രൂപയുടെ കോംപ്ലിമെന്ററി ഇൻഷുറൻസ് ആനുകൂല്യങ്ങളും എയർപോർട്ട് ലൗഞ്ച് ആക്സസും ഡെബിറ്റ് കാർഡ് സ്‌പെൻഡിന് റിവാർഡ് പോയിന്റുകളും ഉള്‍പ്പെടെ അനേകം ആനുകൂല്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌, ജീവിതത്തില്‍ മുന്നേറാൻ ഉത്സുകരായ പ്രവാസികള്‍ക്ക് അനുയോജ്യമായ വിധത്തില്‍ രൂപകല്‍പ്പന ചെയ്തതാണ് പ്രോസ്‌പെര എൻആർഇ സേവിംഗ്സ് അക്കൗണ്ട്.

പ്രാരംഭ ഓഫർ എന്ന നിലയില്‍, തിരഞ്ഞെടുത്ത യാത്രാ പ്ലാറ്റ്‌ഫോമുകളില്‍ ഫ്‌ളൈറ്റ്, ഹോട്ടല്‍ ബുക്കിംഗുകള്‍ക്ക് 24 ശതമാനം വരെ കിഴിവ് ലഭ്യമാണ്.

2024 സെപ്റ്റംബറില്‍ ചുമതലയേറ്റെടുത്ത ശേഷം ഫെഡറല്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി ഇ ഓയുമായ കെ വി എസ് മണിയൻ അന്താരാഷ്ട്ര തലത്തില്‍ നടത്തിയ ആദ്യ പത്രസമ്മേളനത്തെ തുടർന്നാണ് പ്രോസ്‌പെര അവതരിപ്പിച്ചത്. ഗള്‍ഫ് മേഖലയിലെ പ്രവാസി സമൂഹവുമായി ഫെഡറല്‍ ബാങ്കിനുള്ള സുദൃഢമായ ബന്ധത്തെക്കുറിച്ച്‌ അദ്ദേഹം സംസാരിച്ചു.

‘ഏഴുപതിറ്റാണ്ടിലധികമായി, ലോകമെമ്പാടുമുള്ള പ്രവാസികളുടെ സാമ്പത്തിക അഭിലാഷങ്ങള്‍ സഫലീകരിക്കാനും നാടുമായുള്ള ആത്മബന്ധം കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന ഒരു വിശ്വസ്തപങ്കാളിയാണ് ഫെഡറല്‍ ബാങ്ക്,’ കെ വി എസ് മണിയൻ പറഞ്ഞു.