‘നവകേരളത്തിനായി നമുക്ക് ഒരുമിച്ച്‌ മുന്നേറാം’. വോട്ടെടുപ്പിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമയം പൂർത്തിയായതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

ജനാധിപത്യ പ്രക്രിയയില്‍ പങ്കുചേർന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച മുഴുവൻ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ചുരുങ്ങിയ പ്രചാരണ സമയത്തിനിടയിലും കടുത്ത വേനല്‍ച്ചൂട് അവഗണിച്ച്‌ പ്രവർത്തിച്ച രാഷ്ട്രീയ പ്രവർത്തകരുടെ ആവേശം ശ്രദ്ധേയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതികൂല കാലാവസ്ഥയെ മറികടന്ന് പോളിംഗ് ബൂത്തുകളിലെത്തിയ ജനങ്ങള്‍ കേരളത്തിന്റെ ഉയർന്ന ജനാധിപത്യ ബോധത്തിന്റെയും നാടിനോടുള്ള പ്രതിബദ്ധതയുടെയും തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.