കൊല്ലം കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ സ്‌കൂൾ ഗേറ്റിന് മുന്നിൽ തടഞ്ഞ സംഭവത്തിൽ ഒടുവിൽ സ്കൂൾ മാനേജറെ പ്രതി ചേർത്ത് പൊലീസ്. സ്‌കൂൾ മാനേജർ സുരേഷ് കുമാറിനെതിരെ പ്രേരണ കുറ്റം ചുമത്തിയാണ് പ്രതി ചേർത്തത്. സ്‌കൂൾ പ്രധാനാധ്യാപികയായ സിന്ധു എസ് നായരെ തടയാൻ സെക്യൂരിറ്റിക്ക് നിർദേശം നൽകിയതിനാണ് മാനേജർക്കെതിരെ കേസ്. സ്‌കൂൾ മാനേജർക്കെതിരെ കേസെടുക്കാത്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും താൽകാലിക ജീവനക്കാർക്കെതിരെ മാത്രം കേസെടുത്തത് കേസ് ഒതുക്കി തീർക്കാനാണെന്നും സിന്ധു എസ് നായർ ആരോപിച്ചിരുന്നു. ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും താൽകാലിക ജീവനക്കാരനയ സെക്യൂരിറ്റിയെ പുറത്താക്കി ഒരു പുകമറ സൃഷ്ടിക്കുകയാണെന്നും അധ്യാപിക ആരോപിച്ചിരുന്നു. സംഭവത്തിൽ വനിതാ ശിശുക്ഷേമ വകുപ്പും ഇടപെട്ടിട്ടുണ്ട്. അധ്യാപികയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി നാലിന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയായ സ്‌കൂളിൽ പ്രവേശിപ്പിക്കാതെ സെക്യൂരിറ്റി ജീവനക്കാരൻ തടയുകയായിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ട് അധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്‌കൂൾ മാനേജർ കെ സുരേഷ് കുമാറിന്റെ നിർദേശ പ്രകാരമാണ് അധ്യാപികയെ തടഞ്ഞതെന്നായിരുന്നു ആരോപണം. സ്‌കൂൾ ഗേറ്റിന് മുന്നിൽ ഇവർ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. പിന്നാലെ സെക്യൂരിറ്റിക്കെതിരെ കൊട്ടാരക്കര പൊലീസ് കേസെടുക്കുകയും സ്കൂൾ മാനേജ്മെന്‍റ് ഇയാളെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.
