വോട്ട് മറ്റാരോ ചെയ്തു; എറണാകുളത്ത് വ്യാപകമായി കള്ളവോട്ട് പരാതി

കൊച്ചി: എറണാകുളത്ത് വ്യാപകമായി കള്ളവോട്ട് പരാതി. തൃപ്പൂണിത്തുറ, കൊച്ചി, കളമശേരി തുടങ്ങിയ മണ്ഡലങ്ങളാണ് കള്ളവോട്ട് പരാതി ഉയര്‍ന്നിരിക്കുന്നത്.

തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ഇടക്കൊച്ചി സ്വദേശിയായ കാളിയത്ത് കുഞ്ഞുമോളുടെ വോട്ടാണ് മറ്റാരോ ചെയ്തത്.

 

വോട്ട് ചെയ്യാനായി ഇടക്കൊച്ചി അക്വിനാസ് കോളജില്‍ 282-ാം ബൂത്തില്‍ എത്തിയപ്പോള്‍ അവരുടെ വോട്ട് മറ്റാരോ ചെയ്തുവെന്ന വിവരം ലഭിച്ചത്. ഇതോടെ ടെന്‍ഡര്‍ വോട്ട് ചെയ്ത് കുഞ്ഞുമോള്‍ മടങ്ങി.

 

തൃപ്പൂണിത്തുറയില്‍ സര്‍ക്കാര്‍ ഗേള്‍ഡ് എല്‍പി സ്‌കൂളിലും കള്ളവോട്ട് നടന്നതായി പരാതി. 51 എ ബൂത്തില്‍ രാജേഷ് എന്ന യുവാവ് വോട്ട് ചെയ്യാനായി എത്തിയപ്പോഴാണ് മറ്റൊരാള്‍ ചെയ്തതായി അറിഞ്ഞത്.

 

കൊച്ചി മണ്ഡലത്തില്‍ പള്ളുരുത്തി വെങ്കിടേശ്വര സ്‌കൂളിലെ 152-ാം ബൂത്തിലും കള്ളവോട്ട് ചെയ്തതായി പരാതിയുണ്ട്. ജാസ്മിന്‍ എന്ന യുവതിയുടെ വോട്ടാണ് മറ്റാരോ ചെയ്തത്. യുവതി പരാതിപ്പെട്ടതോടെ ടെന്‍ഡര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചു.

 

കളമശേരി മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂര്‍ എല്‍പി സ്‌കൂളിലെ 77-ാം നമ്പര്‍ ബൂത്തില്‍ അജയ് ജി. കൃഷ്ണ എന്നയാളുടെ വോട്ടും മറ്റാരോ ചെയ്തതായി പരാതി. ഇവിടെ അരമണിക്കൂറോളം വോട്ടെടുപ്പ് തടസപ്പെട്ടു. തുടര്‍ന്ന് ടെന്‍ഡര്‍ വോട്ടിന് അനുമതി നല്‍കി.