ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ; എല്ലാത്തിനും പിന്നിൽ സംഘപരിവാറെന്ന് മുഖ്യമന്ത്രി

ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ആക്രമണത്തിന് പിന്നിലും സംഘ പരിവാറാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്ന അവസ്ഥ അസ്വസ്ഥരാക്കുന്നതാണ്. വിവിധ സംസ്ഥാനങ്ങളിൽ വ്യാപകമായി ഇത്തരം ആക്രമണം നടക്കുന്നു. ഉത്തർപ്രദേശിൽ ക്രിസ്മസ് അവധി പോലും റദ്ദാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മത പരിവര്‍ത്തനം ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകരും സംഘപരിവാര്‍ സംഘടനകളും മധ്യപ്രദേശിലെ ജബൽ പൂരിൽ സംഘര്‍ഷമുണ്ടാക്കിയത്. ഡൽഹിയിൽ മലയാളികള്‍ ഉള്‍പ്പെടെയുള്ള കരോള്‍ സംഘത്തെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ വിരട്ടിയോടിച്ചു. ഒഡിഷയില്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ വിൽക്കാനെത്തിയവര്‍ക്ക് നേരെയും ഭീഷണിയുണ്ടായി. മധ്യപ്രദേശിൽ പ്രാര്‍ഥനാ സംഘത്തെ അക്രമിച്ചെന്നും പരാതി ഉയരുന്നുണ്ട്. പാലക്കാട്ട് കരോള്‍ സംഘത്തെ അക്രമിക്കാൻ ശ്രമിച്ചു. കേരളത്തിൽ ഇത്തരം ശക്തികള്‍ തല പൊക്കുന്നത് അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ചില സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം റദ്ദാക്കിയതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മതപരമായ വിവേചനം കാണിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.