കൊച്ചി: ‘ദൃശ്യ’ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസില്‍ വൻ കുതിപ്പ് തുടരുകയാണ്.
മോഹൻലാല്‍ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ ‘ദൃശ്യം 3’ റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തില്‍ 200 കോടിയിലധികം രൂപ വാരിക്കൂട്ടിയിരുന്നു.
ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നില്‍ക്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ചിത്രം ഇതുവരെ 231.26 കോടി രൂപയാണ് സ്വന്തമാക്കിയത്.
മോഹൻലാല്‍ നായകനായി 200 കോടി ക്ലബ്ബില്‍ കയറുന്ന മൂന്നാമത്തെ ചിത്രമാണിത്. മുൻപ് ‘എമ്പുരാൻ’, ‘തുടരും’ എന്നീ സിനിമകളും ഈ നേട്ടം കൈവരിച്ചിരുന്നു.
മലയാള സിനിമയിലെ എക്കാലത്തെയും ഉയർന്ന കളക്ഷൻ നേടിയ നാലാമത്തെ ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കാൻ ദൃശ്യം 3-ന് ഇനി കേവലം നാല് കോടി രൂപ കൂടി മതി. നിലവില്‍ 235.26 കോടി രൂപയുമായി ‘വാഴ 2: ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്’ ആണ് ദൃശ്യം 3-ക്ക് തൊട്ടുമുന്നിലുള്ളത്.
മലയാളത്തിലെ ഉയർന്ന കളക്ഷൻ റെക്കോർഡുകളില്‍ മഞ്ഞുമ്മല്‍ ബോയ്സ് (241.03 കോടി), എമ്പുരാൻ (266.81 കോടി), ലോക: ചാപ്റ്റർ 1- ചന്ദ്ര (303 കോടി) എന്നീ ചിത്രങ്ങളാണ് യഥാക്രമം ആദ്യ സ്ഥാനങ്ങളിലുള്ളത്.
ആദ്യ രണ്ട് ഭാഗങ്ങളും നല്‍കിയ വൻ വിജയവും പ്രതീക്ഷയുമാണ് ദൃശ്യം 3-ക്കായുള്ള കാത്തിരിപ്പ് ഇത്രയേറെ കൂട്ടിയത്. തന്റെ കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ അതിഥിയെ ചുറ്റിപ്പറ്റി ജീവിക്കുന്ന ജോർജുകുട്ടിയും കുടുംബവും ഇത്തവണ പോലീസ് പിടിയിലാകുമോ അതോ നാലാം ക്ലാസുകാരന്റെ കൂർമ്മബുദ്ധിയില്‍ വീണ്ടും രക്ഷപ്പെടുമോ എന്നറിയാനാണ് പ്രേക്ഷകർ തിയറ്ററുകളിലേക്ക് ഒഴുകുന്നത്. വൈകാരിക നിമിഷങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് മൂന്നാം ഭാഗം ഒരുക്കിയിരിക്കുന്നത്.
