മുഖ്യമന്ത്രിയെ വിടാതെ ഗവര്‍ണര്‍; ദേശവിരുദ്ധ പരാമർശത്തില്‍ മുഖ്യമന്ത്രി കൃത്യമായ ഉത്തരം നല്‍കണം; രാഷ്ട്രപതിക്ക് ഉടൻ റിപ്പോര്‍ട്ട് നല്‍കിയേക്കും

തിരുവനന്തപുരം: മലപ്പുറം, ദേശവിരുദ്ധ പരാമര്‍ശങ്ങളില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിയെ വിടാതെ ഗവര്‍ണര്‍.

രാഷ്ട്രപതിക്ക് ഉടൻ റിപ്പോർട്ട് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ദേശവിരുദ്ധ പരാമർശത്തില്‍ മുഖ്യമന്ത്രി കൃത്യമായ ഉത്തരം നല്‍കണമെന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതുവരെയും ചോദ്യങ്ങള്‍ ആവർത്തിച്ചുകൊണ്ടിരിക്കാനാണു നീക്കം. വിവാദങ്ങളില്‍ വിശദീകരണം തേടി ഇന്നലെയും ഗവര്‍ണര്‍ കത്ത് നല്‍കിയിരുന്നു.

ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരായ തുടർനടപടി സാധ്യതയും രാജ്ഭവൻ പരിശോധിക്കുന്നുണ്ട്. കേന്ദ്ര സർവീസ് ചട്ടപ്രകാരമുള്ള നടപടി സാധ്യതയാണ് പരിശോധിക്കുന്നത്. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ അധികാരമുണ്ടെന്ന നിലപാടിലാണ് ഗവർണറുള്ളത്.

സ്വർണക്കടത്ത്, ഹവാല ഇടപാടുകളുടെ കണക്കുകളും ഫയലുകളും കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് ഗവർണർ ഇന്നലെ ചീഫ് സെക്രട്ടറിക്ക് പുതിയ കത്ത് അയച്ചു. പരസ്യ പ്രതികരണത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമർശനങ്ങള്‍ കത്തിലുണ്ട്.

ദേശവിരുദ്ധ പ്രവർത്തനങ്ങളെ സംബന്ധിച്ച്‌ തനിക്ക് അയച്ച കത്തിലും മുഖ്യമന്ത്രി നല്‍കിയ അഭിമുഖത്തിലും പറയുന്നുണ്ട്. ഭരണത്തലവനായ തന്നെ ഇരുട്ടില്‍ നിർത്തുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു.