തിരുവനന്തപുരം : പോലീസ് കേസെടുക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ സംസാരിക്കുന്നത് ഊഹത്തിന്‍റെ അടിസ്ഥാനത്തിലാണ്. പോലീസ് കേസെടുത്തത് തെറ്റാണെങ്കില്‍ അതിന് വേണ്ട നടപടി സ്വീകരിച്ചുകൊള്ളാനും മുഖ്യമന്ത്രി പ്രതികരിച്ചു.
പോലീസില്‍ തനിക്ക് വിശ്വാസക്കുറവില്ല. അതുകൊണ്ട് ഇക്കാര്യം തനിക്ക് പരിശോധിക്കേണ്ട കാര്യമില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.
നവ കേരള ബസിനെതിരേ കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ ഷൂ ഏറ് തത്സമയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരേ പോലീസ് ക്രിമിനല്‍ ഗൂഡാലോചനാക്കുറ്റം ചുമത്തി കേസെടുത്തതിനെയും മുഖ്യമന്ത്രി ന്യായീകരിച്ചു.
സാധാരണ മാധ്യമപ്രവര്‍ത്തനം ഗൂഢാലോചനയല്ല. എന്നാല്‍ മാധ്യപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഗൂഢാലോചന നടത്താന്‍ പറ്റിയവരുണ്ട്. ഗൂഢാലോചന ഗൂഢാലോചന തന്നെയാണ്. ഗൂഢാലോചന അല്ലെന്നതിന് തെളിവുണ്ടെങ്കില്‍ തെളിയിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
