കോട്ടയം: നഗരസഭയിലെ പെന്ഷന് തട്ടിപ്പ് വിഷയത്തില്‍ നഗരസഭയില്‍ നടപടികള്‍ തുടരുന്നു. കഴിഞ്ഞ ദിവസം സസ്പെന്ഷന് ശുപാര്‍ശ ചെയ്തതോടെ സെക്രട്ടറി അവധിയില്‍ പ്രവേശിച്ചു.
വിഷയത്തില്‍ സെക്രട്ടറിയെ സര്‍വിസില്‍ നിന്നു മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്ന് തദ്ദേശ ഭരണ ജില്ല ജോയിന്റ് ഡയറക്ടര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇന്നലെയും ഇന്നുമാണ് സെക്രട്ടറി അവധി എടുത്തിരിക്കുന്നത്. ജില്ല വിട്ടുപോകുന്നതിനാല്‍ നാളെ രാവിലെ വരെ സെക്രട്ടറിയുടെ ചുമതല എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് കൈമാറിയിട്ടുണ്ട്.
വ്യക്തിപരമായ ആവശ്യത്തിനാണ് അവധിയെന്നാണ് സെക്രട്ടറിയുടെ അപേക്ഷയില്‍ പറയുന്നത്. ജില്ലാ ജോയിന്റ് ഡയറക്ടറുടെ ശുപാര്‍ശയില്‍ അടുത്ത ദിവസം നടപടി ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് സെക്രട്ടറിയുടെ അവധിയെന്നാണ് സൂചന.
ഇതിനിടെ, കൂടുതല്‍ പേര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് വിവരം. തട്ടിപ്പ് നടത്തിയ മുന്ജീവനക്കാരന് അഖില്‍ സി. വര്‍ഗീസിനു പുറമെ ഡെപ്യൂട്ടി സെക്രട്ടറി ഫില്ലിസ് ഫെലിക്സ്, അക്കൗണ്ട്സ് വിഭാഗം സൂപ്രണ്ട് എസ്.കെ. ശ്യാം, അക്കൗണ്ട്സ് വിഭാഗത്തിലെ സീനിയര്‍ ക്ലര്‍ക്ക് വി.ജി. സന്തോഷ് കുമാര്‍, പെന്ഷന് വിഭാഗം കൈകാര്യം ചെയ്തിരുന്ന കെ.ജി. ബിന്ദു എന്നിവര്‍ നിലവില്‍ അന്വേഷണവിധേയമായി സസ്പെന്‍ഷനിലാണ്.
നിലവിലെ സെക്രട്ടറി 2023 ഏപ്രിലിലാണ് കോട്ടയം നഗരസഭയിലെത്തുന്നത്. അതിനുമുമ്പ് സെക്രട്ടറി പദവിയിലുണ്ടായിരുന്നവര്ക്കെതിരെ നടപടി ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
അതേസമയം, തട്ടിപ്പ് വിഷയത്തില്‍ ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാള്‍ തമിഴ്നാട്ടില്‍ ഉള്‍പ്പെടെ എത്തിയതായി വിവരം ലഭിച്ചിരുന്നുവെങ്കിലും പിന്നീട് കണ്ടെത്താനായില്ല.
