പേട്രിയറ്റ് റിലീസ് ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവർത്തകർ; മമ്മൂട്ടി-മോഹൻലാൽ കോമ്പിനേഷനായി കാത്ത് ആരാധകർ

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ സിനിമയാണ് പേട്രിയറ്റ്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. താരങ്ങളുടെ പോസ്റ്റാറിനൊപ്പമാണ് റിലീസ് ഡേറ്റ് പങ്കുവെച്ചിരിക്കുന്നത്. ‘ഈ റിപ്പബ്ലിക് ദിനത്തിൽ നിർഭയ ശബ്ദങ്ങളുടെ ആത്മാവിനെ അഴിച്ചുവിടുന്നു’ എന്നാണ് പോസ്റ്ററിലെ വാക്കുകൾ.

ഏപ്രിൽ 23നാണ് ആഗോളതലത്തിൽ പേട്രിയറ്റ് റിലീസിന് എത്തുന്നത്. ‘വിമത ശബ്ദങ്ങൾ ദേശസ്നേഹത്തിന്‍റേതാണ്.. ദേശദ്രോഹികൾ നിറയുന്ന ഈ ലോകത്ത് ഒരു ദേശസ്നേഹിയാകൂ’, എന്ന കുറിപ്പോടെയാണ് സിനിമയിലെ അഭിനേതാക്കളുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടിരുന്നത്. വെക്കേഷൻ റിലീസായതു കൊണ്ട് തന്നെ സിനിമയ്ക്ക് വലിയ കളക്ഷനുകൾ നേടാനാകും എന്നു തന്നെയാണ് പ്രതീക്ഷ. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെജി അനിൽകുമാർ എന്നിവർ ചേർന്നാണ്.

മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന പാട്രിയറ്റ്, അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഒരുക്കുന്നതെന്ന്, നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ടീസറിലെ ദൃശ്യങ്ങൾ കാണിച്ചു തരുന്നുണ്ട്. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, ലഡാക്ക്, ഹൈദരാബാദ്, യുകെ, കേരളം തുടങ്ങി വിവിധ ലൊക്കേഷനുകളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി – മോഹൻലാൽ ടീം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിലെ ഹൈലൈറ്റ് ആയിരിക്കും ഇവരുടെ കോമ്പിനേഷൻ രംഗങ്ങൾ.