ഉണ്ണികൃഷ്ണന് കൂടുതല്‍ താല്‍പര്യം ആണ്‍സുഹൃത്തുക്കളോട്, അത്തരം ഗ്രൂപ്പുകളിൽ സജീവം; ആരോപണവുമായി ഗ്രീമയുടെ കുടുംബം

തിരുവനന്തപുരത്ത് അമ്മയുടെയും മകളുടെയും മരണത്തില്‍ ഉണ്ണികൃഷ്ണനെതിരെ ആരോപണവുമായി ഗ്രീമയുടെ കുടുംബം രംഗത്ത്. ഉണ്ണികൃഷ്ണന്‍ പുരുഷന്മാര്‍ മാത്രമുള്ള ‘ഗേ’ ഗ്രൂപ്പുകളില്‍ സജീവമായിരുന്നുവെന്നാണ് ഗ്രീമയുടെ കുടുംബത്തിന്റെ ആരോപണം. ഇത് വ്യക്തമാക്കുന്നതിന്റെ തെളിവുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും കുടുംബം പറയുന്നു. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് പ്രാഥമിക പരിശോധന നടത്തി. ഉണ്ണികൃഷ്ണന് കൂടുതല്‍ താല്‍പര്യം ആണ്‍സുഹൃത്തുക്കളോടാണെന്ന് പൊലീസ് കണ്ടെത്തിയതായാണ് സൂചന. ഉണ്ണികൃഷ്ണനെതിരെ കഴിഞ്ഞ ദിവസമാണ് ഗ്രീമയുടെ കുടുംബം പൊലീസില്‍ കൂടുതല്‍ തെളിവുകള്‍ കൈമാറിയത്. വിവിധ രാജ്യങ്ങളില്‍ യാത്ര ചെയ്തിരുന്ന ഉണ്ണികൃഷ്ണന്‍ ആണ്‍ സുഹൃത്തുക്കള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളില്‍ അംഗമായതിന്റെയും അവരുമായി സൗഹൃദം സ്ഥാപിച്ചതിന്റെയും തെളിവുകളാണ് ഗ്രീമയുടെ കുടുംബം പൊലീസിന് കൈമാറിയത്.

ഉണ്ണികൃഷ്ണന്‍ കൂടുതലും ആണ്‍കുട്ടികള്‍ക്ക് ഒപ്പം സമയം പങ്കിടാന്‍ താല്‍പര്യം കാണിച്ചതായി ഗ്രീമയുടെ ബന്ധുക്കള്‍ പറഞ്ഞു. ഗ്രീമ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരിക്കുന്ന അവഗണന ഭര്‍ത്താവിന്റെ ഈ സ്വഭാവ രീതിയുമായി ബന്ധപ്പെട്ടതാണോ എന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു. കടുത്ത അവഗണന നേരിട്ടിട്ടും വിവാഹബന്ധം വേര്‍പെടുത്താന്‍ ഗ്രീമ ആഗ്രഹിച്ചിരുന്നില്ല. പിഎച്ച്ഡി പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കുടുംബങ്ങളുമായി സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിശ്വസിപ്പിച്ച് ബോധപൂര്‍വം അകലം പാലിച്ചു. ഈ സമയം പലയിടങ്ങളിലേക്കും സുഹൃത്തുക്കളെ തേടി സഞ്ചരിച്ചുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഈ ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. ആറ് വര്‍ഷത്തിനിടെ ഉണ്ണികൃഷ്ണന്‍ വീട്ടില്‍ പോയത് ഒരു ദിവസം മാത്രമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇരുവരും ഒന്നിച്ച് ജീവിച്ചത് 25 ദിവസങ്ങള്‍ മാത്രമാണെന്നും പൊലീസ് പറയുന്നു. ഉണ്ണികൃഷ്ണന്‍ അംഗമായിട്ടുള്ള ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ വിശദമായി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.