തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോ​ഗിയായ വയോധികൻ ലിഫ്റ്റിൽ കുടുങ്ങിയത് രണ്ടുദിവസം; ശനിയാഴ്ച രാവിലെ ലിഫ്റ്റിൽ കയറിയ രോ​ഗിയെ കണ്ടെത്തിയത് ഇന്ന് രാവിലെ, കേടായ ലിഫ്റ്റ് ശരിയാക്കാൻ വന്ന ലിഫ്റ്റ് ഓപ്പറേറ്റർ കണ്ടത് മലമൂത്ര വിസർജ്യങ്ങൾക്ക് നടുവിൽ കിടക്കുന്ന വയോധികനെ

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ രോഗി രണ്ടു ദിവസം ലിഫ്റ്റിൽ കുടുങ്ങി. ചികിത്സയ്ക്കെത്തിയ തിരുമല സ്വദേശി രവീന്ദ്രൻ നായർ ആണ് ലിഫ്റ്റിൽ കുടുങ്ങിയത്.

ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റ് കയറിയ രോഗിയെ ഇന്ന് രാവിലെ ആറുമണിക്കാണ് കണ്ടെത്തിയത്. മെഡിക്കൽ കോളSജിലെ ഓർത്തോ വിഭാഗത്തിന് സമീപമുള്ള ലിഫ്റ്റിലാണ് കുടുങ്ങിയത്.

ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിനിടയിലാണ് ഒരാൾ ലിഫ്റ്റിനുളളിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടെത്തിയത്. മലമൂത്ര വിസർജ്യങ്ങൾക്ക് നടുവിൽ കിടക്കുന്ന നിലയിലായിരുന്നു വയോധികൻ.

ശനിയാഴ്ച 12 മണിയോടെയാണ് ലിഫ്റ്റ് കേടായത്. ഈ സമയത്ത് രവീന്ദ്രൻ നായർ ലിഫ്റ്റിനുളളിൽ കുടുങ്ങി പോകുകയായിരുന്നു. എന്നാൽ കേടായ ലിഫ്റ്റിൽ ആരെങ്കിലും അകപ്പെട്ടോയെന്ന് പോലും ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിരുന്നില്ല.

രവീന്ദ്രൻ നായരെ കാണാതായെന്ന് കാട്ടി കുടുംബം മെഡിക്കൽ കോളSജ് പോലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ എത്തി തുറന്നപ്പോഴാണ് രവീന്ദ്രൻ നായരെ ലിഫ്റ്റിനുള്ളിൽ കണ്ടത്. തുടർന്ന് രവീന്ദ്രൻ നായരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.

ലിഫ്റ്റിന് തകരാർ ഉണ്ടെന്ന് മുന്നറിയിപ്പ് എഴുതി വെച്ചിരുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ, സ്ഥിരമായി ഉപയോഗിക്കുന്ന ലിഫ്റ്റ് അല്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ വാദം.
സംഭവം അന്വേഷിക്കാമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് പ്രതികരിച്ചു.