പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു.
തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എൻ.മഹേഷ് നമ്പൂതിരി ശ്രീകോവിലില്‍ ദീപം തെളിച്ചു. പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെ നടക്കും.
ഉഷപൂജയ്ക്ക് ശേഷം രാവിലെ ഏഴരയോടെയാകും നറുക്കെടുപ്പ്. ശബരിമലയിലേക്ക് 25 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ്, വൈഷ്ണവി എന്നിവരാകും മേല്‍ശാന്തിമാരുടെ നറുക്കെടുക്കുക.
മണ്ഡലകാല പൂജയ്ക്കായി നട തുറക്കുന്ന നവംബർ 15 ന് പുതിയ
മേല്‍ശാന്തിമാർ ചുമതലയേല്‍ക്കും.
അതേ സമയം, ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിലെ അന്തിമ പട്ടികയില്‍ നിന്നും ഹൈക്കോടതി ഒരാളെ ഒഴിവാക്കിയിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശി യോഗേഷ് നമ്പൂതിരിയെയാണ് ഒഴിവാക്കിയത്. മാനദണ്ഡപ്രകാരമുള്ള പ്രവൃത്തിപരിചയം ഇല്ലെന്ന് കണ്ടെത്തിയാണ് നടപടി. നാളെയാണ് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ്.
