കടലിലും കരയിലുമായി നമുക്ക് ചുറ്റും അനവധി ജീവികള്‍ ഉണ്ട്. ഇതില്‍ നമ്മുടെ കണ്ണുകള്‍ക്ക് കാണാൻ കഴിയാത്ത സൂക്ഷ്മജീവികള്‍ മുതല്‍ വലിപ്പത്തിന്റെ കാര്യത്തില്‍ ആരെയും അമ്ബരപ്പിക്കുന്നവർ വരെയുണ്ട്.മാത്രമല്ല ഇവയില്‍ പലതിനും നിഗൂഢമായ പല കഴിവുകളും ഉണ്ട്.
സാധാരണയായി പറക്കുന്ന ജീവികള്‍ എന്ന് നാം വിശേഷിപ്പിക്കാറ് പക്ഷികളെയാണ്, എന്നാല്‍ പക്ഷികള്‍ക്ക് മാത്രമല്ല മീനുകളുടെ കൂട്ടത്തിലെ ചില വിരുതൻമാർക്കും പറക്കാൻ കഴിയുമത്രേ. പറക്കും മത്സ്യം അഥവാ ഫ്ലയിംഗ് കോഡ് എന്നറിയപ്പെടുന്ന മത്സ്യത്തിനാണ് സവിശേഷമായ ഈ കഴിവുള്ളത്. വെള്ളത്തില്‍ നിന്ന് പുറത്തുവരുന്നതിനും വായുവില്‍ പറക്കുന്നതിനും ഇവ പ്രശസ്തരാണ്.
കടലിലെ ഏറ്റവും സവിശേഷമായ ജീവികളില്‍ ഒന്നാണ് പറക്കുന്ന മത്സ്യം. കടലില്‍ നിന്നും പുറത്തേക്ക് കുതിച്ചുചാടാൻ സഹായിക്കുന്ന സവിശേഷമായ ഒരുതരം ചിറകുകളാണ് ഇവയെ ഈ പറക്കലിന് സഹായിക്കുന്നത്. കടലിനുള്ളില്‍ തന്നെ കൂടുതല്‍ സമയവും ചെലവഴിക്കുന്ന ഇവ വേട്ടക്കാരില്‍ നിന്നും രക്ഷപ്പെടാനാണ് പ്രധാനമായും ഉയരത്തില്‍ പറന്നു പൊങ്ങുന്നത്. കടലിനുള്ളില്‍ വേഗത്തില്‍ നീന്താനും ഈ ചിറകുകള്‍ സഹായിക്കുന്നു.
നീല, കറുപ്പ്, വെള്ള, വെള്ളി നിറങ്ങള്‍ കൂടി ചേർന്നതാണ് ഇവയുടെ ശരീരത്തിന്റെ നിറം. 15 സെൻ്റീമീറ്റർ മുതല്‍ 51 സെൻ്റീമീറ്റർ വരെ നീളവും 900 ഗ്രാം വരെ ഭാരവുമുള്ള മത്സ്യമാണിത്. ഈ മത്സ്യങ്ങള്‍ എക്സോകോറ്റിഡേ (Exocoetidae) കുടുംബത്തിൻ്റെ ഭാഗമാണ്, സമുദ്രത്തില്‍ ഇവ 40 -ലധികം ഇനം ഉണ്ട്. എന്നാല്‍ അടുത്ത കാലത്തായി മത്സ്യബന്ധനം വർധിച്ചതോടെ ഇവ വംശനാശ ഭീഷണിയിലാണ്.
