പാലക്കാട് മുൻ വൈരാഗ്യത്തെ തുടർന്ന് സ്വകാര്യബസ്സിൽ കയറിയ സ്ത്രീയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ; പ്രതിക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു

പാലക്കാട്: സ്വകാര്യ ബസില്‍ സ്ത്രീയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതി പിടിയില്‍. പുതുക്കോട് കാരപൊറ്റ മാട്ടുവഴി സ്വദേശി മഥൻകുമാറാണ് പിടിയിലായത്.

ഇന്ന് രാവിലെ 11ഓടെ കാരപ്പൊറ്റ വഴി സർവീസ് നടത്തുന്ന തൃശൂർ- പഴയന്നൂർ സ്വകാര്യ ബസില്‍ വച്ചാണ് സംഭവം. വാഹനത്തിലുണ്ടായിരുന്ന പ്രതി, ഇടയ്ക്ക് ബസ് നിർത്തിയപ്പോള്‍ വാക്കത്തി ഉപയോഗിച്ച്‌ സ്ത്രീയെ വെട്ടുകയായിരുന്നു.

പുതുക്കോട് അഞ്ച്മുറി സ്വദേശി ഷമീറക്കാണ് പരിക്കേറ്റത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിന് പിന്നില്‍ മുൻ വൈരാഗ്യമാണെന്ന് പോലീസ് അറിയിച്ചു. പ്രതിക്കെതിരേ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.