കോഴിക്കോട് : വീണ ആദ്യം തുടങ്ങിയ കന്പനി എക്സാലോജിക്കാണ്. ഇവയുടെ പ്രവര്‍ത്തനം ദുരുഹമാണെന്നും വഴിവിട്ട പണം സ്വീകരിക്കുന്നതിനും ആ പണം വെളുപ്പിക്കുന്നതിനും വേണ്ടിയുള്ള ഒരു കന്പനിയുടെ പ്രവര്‍ത്തനം പോലെയാണ് കാണാൻ കഴിയുന്നത്.
അന്വേഷണങ്ങളില്‍ ബോധ്യമാകുന്നത് ഈ കന്പനിയുടെ പ്രവര്‍ത്തനം സുതാര്യതയില്ലാതെയും നിരവധി നിയമലംഘനം നടത്തിയുമാണ് മുന്നോട്ടു പോകുന്നതെന്നും മാത്യു കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ഈ പ്രശ്നം വന്നപ്പോള്‍ ആദ്യം വീണാ വിജയനു പ്രതിരോധം തീര്‍ത്തത് സിപിഎം സെക്രട്ടറിയറ്റാണ്. വീണയുടെ കന്പനിയുടെ പ്രവര്‍ത്തനം നിയമപരമായിരുന്നു എന്നായിരുന്നു സിപിഎം സെക്രട്ടറിയറ്റ് നിലപാട്. കേന്ദ്ര അന്വേഷണത്തിന്‍റെ പശ്ചാത്തലത്തില്‍ സിപിഎമ്മിന്‍റെ നിലപാട് അറിയാൻ ആഗ്രഹമുണ്ടെന്നും മാത്യു കുഴല്‍നാടൻ പറഞ്ഞു.
ചെയ്യാത്ത സേവനത്തിനാണ് പണം എന്നാണ് നിലവിലെ കണ്ടെത്തല്‍. എക്സാലോജിക്കോ മുഖ്യമന്ത്രിയുടെ മകളോ ഇതുവരെ മിണ്ടിയിട്ടില്ല. സിപിഎമ്മിന് പകരം വീണ മറുപടി പറയേണ്ട സാഹചര്യം വന്നെത്തിയെന്നും അദ്ദേഹം പറഞ്ഞു.സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാട് നടന്നു. അനധികൃത ഇടപാടിനു വ്യവസായ വകുപ്പ് കൂട്ടുനിന്നു. ഇതില്‍ വ്യവസായ മന്ത്രി മറുപടി പറയണമെന്ന് മാത്യു ആവശ്യപ്പെട്ടു.
കേന്ദ്ര അന്വേഷണത്തെ അമിത ആവേശത്തോടെ കാണുന്നില്ല. സ്വര്‍ണക്കടത്തില്‍ കേന്ദ്രം സത്യസന്ധമായി അന്വേഷിച്ചില്ല. ഇപ്പോഴത്തെ അന്വേഷണത്തില്‍ കൂടുതല്‍ വിവരം പുറത്തുവരുമെന്നാണ് പ്രതീക്ഷ. ആത്യന്തികമായി കോടതിയിലാണ് വിശ്വാസമെന്നും മാത്യു കുഴല്‍നാടൻ കുട്ടിച്ചേര്‍ത്തു.
