വ്യാജ വായ്പാ ആപ്പിലൂടെ പണം വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് തട്ടിയത് 82,240 രൂപ; കേസിൽ ഒരാൾകൂടി അറസ്റ്റിൽ

കോഴിക്കോട്: വ്യാജ വായ്പാ ആപ്പിലൂടെ പണം വാഗ്ദാനം ചെയ്ത് യുവാവിന്റെ പക്കല്‍ നിന്നും പണം തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കൊമ്മേരി മേനിച്ചാലില്‍മീത്തല്‍ മുജീബിനെയാണ് പയ്യോളി ഇന്‍സ്‌പെക്ടര്‍ എകെ സജീഷ് അറസ്റ്റ് ചെയ്തത്. പയ്യോളി സ്വദേശിയായ സായൂജില്‍ നിന്ന് 82,240 രൂപയാണ് മുജീബ് ഉള്‍പ്പെട്ട സംഘം തട്ടിയെടുത്തത്.

50,000 രൂപയാണ് ഓണ്‍ലൈന്‍ ആപ്പിലൂടെ സായൂജ് വായ്പ എടുക്കാന്‍ ശ്രമച്ചത്. എന്നാല്‍, വിവിധ കാരണങ്ങള്‍ പറഞ്ഞ് സംഘം ഇയാളുടെ പക്കല്‍ നിന്ന് പണം കൈക്കലാക്കുകയായിരുന്നു. സായൂജിന്റെ പക്കല്‍ നിന്നും കൈക്കലാക്കിയതില്‍ 27,240 രൂപ ഉള്‍പ്പെടെ 9,80,000 രൂപ മുജീബിന്റെ അക്കൗണ്ടില്‍ എത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഈ തുക മുജീബ് ചെക്ക് ഉപയോഗിച്ച് പിന്‍വലിച്ച് കമ്മീഷന്‍ കൈപ്പറ്റി മറ്റൊരാള്‍ക്ക് കൈമാറുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസില്‍ പയ്യോളി സ്വദേശി ശ്രീകാന്തിനെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മറ്റ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചതായി സൂചനയുണ്ട്.

പയ്യോളി സബ് ഇൻസ്പെകടർ ശ്രീജിത്ത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു, സിവിൽ പോലീസ് ഓഫീസർ രൂപേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് മുജീബിനെ പിടികൂടിയത്. പയ്യോളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.