പി.പി.ദിവ്യ ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും; എതിര്‍ത്ത് കക്ഷി ചേരാൻ നവീൻ ബാബുവിന്റെ കുടുംബം

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസില്‍ റിമാൻഡിലായ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും.

തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലാവും അപേക്ഷ നല്‍കുക. നവീൻ ബാബുവിന്റെ കുടുംബം ജാമ്യാപേക്ഷയെ എതിർത്ത് കക്ഷി ചേരും.

കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ചേരും. ദിവ്യക്കെതിരെ സംഘടന നടപടി ഉണ്ടാകുമോ എന്ന് ഇന്ന് വ്യക്തമായേക്കും.

വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് കോടതി മുൻകൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് മണിക്കൂറുകള്‍ക്കകം നാടകീയമായി ദിവ്യ പൊലീസിന് മുന്നിലെത്തിയത്. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ നിന്നും ദിവ്യയെ ജയിലിലെത്തിച്ചത്. അടുത്ത മാസം 12-ാം തിയതി വരെയാണ് ദിവ്യയുടെ റിമാന്‍ഡ് കാലാവധി.