പി. ജയചന്ദ്രന് കലാകേരളം ഇന്ന് വിട നല്‍കും; സംസ്കാരം വൈകിട്ട് പാലിയം ശ്മശാനത്തിൽ; അന്ത്യകര്‍മ്മങ്ങള്‍ ഔദ്യോഗിക ബഹുമതികളോടെ

തൃശൂർ: അന്തരിച്ച ഗായകൻ പി. ജയചന്ദ്രന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും.

ഇന്നു വൈകിട്ട് മൂന്നുമണിക്ക് പാലിയം ശ്മശാനത്തിലാണ് അന്ത്യ കർമ്മങ്ങള്‍ നടക്കുക. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. ഇന്നു രാവിലെ 10മണിക്ക് മൃതദേഹം പറവൂർ ചേന്ദമംഗലം പാലിയത്ത് എത്തിക്കും.

പൊതുദർശനത്തിന് ശേഷമാകും അന്ത്യകർമ്മങ്ങള്‍.
ഇന്നലെ രാവിലെ പൂങ്കുന്നം തോട്ടേക്കാട് ലെയ്നിലെ വീട്ടിലും (മണ്ണത്ത് ഹൗസ്) തുടർന്ന് ഉച്ചവരെ സംഗീതനാടക അക്കാദമി റീജനല്‍ തിയറ്ററിലുമായിരുന്നു പൊതുദർശനം. അതിനുശേഷം മൃതദേഹം തിരികെ മണ്ണത്ത് വീട്ടിലെത്തിച്ചു.

സിനിമാ രാഷ്ട്രീയ സാംസ്കാരിക മേഖലകളില്‍ നിന്നായി നൂറ് കണക്കിന് സംഗീതപ്രേമികള്‍ പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലുമെത്തി പി. ജയചന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്നു രാവിലെ എട്ടിന് അദ്ദേഹം പഠിച്ച ഇരിങ്ങാലക്കുട നാഷനല്‍ ഹയർ സെക്കൻഡറി സ്കൂളില്‍ പൊതുദർശനമുണ്ടാകും. തുടർന്നാണ് ചേന്ദമംഗലത്തേക്കു കൊണ്ടുപോകുന്നത്.