കൊച്ചിയിലെ ഗിന്നസ് പരിപാടിയില്‍ 25,000 പേരെ നിയന്ത്രിച്ചത് 25 പൊലീസുകാര്‍; മെട്രോ 50 ശതമാനം യാത്രാ ഇളവ് നല്‍കി

കൊച്ചി: കൊച്ചിയില്‍ ഉമ തോമസ് എംഎല്‍എക്ക് പരിക്കേറ്റ വിവാദ നൃത്ത പരിപാടിയില്‍ 25,000 പേരെ നിയന്ത്രിക്കാൻ ഉണ്ടായിരുന്നത് 25 പൊലീസുകാർ.

പരിപാടിക്കായി 25 പൊലീസുകാർ മതിയെന്നാണ് സംഘാടകരായ മൃദംഗ വിഷൻ പൊലീസിനെ അറിയിച്ചത്. 25 പേർക്കായി പൊലീസില്‍ നിയമപ്രകാരമുള്ള പണവും അടച്ചിരുന്നു.

150ഓളം സ്വകാര്യ സെക്യൂരിറ്റി ജീവനക്കാർ പൊലീസുകാർക്ക് പുറമെ പരിപാടിക്ക് ഉണ്ടാവുമെന്നും അതുകൊണ്ടു തന്നെ കൂടുതല്‍ പൊലീസുകാർ വേണ്ടെന്നും സംഘാടകർ പൊലീസിനെ അറിയിക്കുകയുമായിരുന്നു.

ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടന്ന പരിപാടിക്ക് കൊച്ചി മെട്രോ യാത്രാ ഇളവ് അനുവദിക്കുകയും ചെയ്തു. നർത്തകർക്ക് സ്റ്റേഡിയത്തിലേക്ക് പോകാനും വരാനും ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവാണ് അനുവദിച്ചത്.

സംഘാടകരായ മൃദംഗ വിഷൻ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു കൊച്ചി മെട്രോയുടെ ഇളവ്. പരിപാടിക്ക് പൂർണമായും സൗജന്യ യാത്ര അനുവദിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നെങ്കിലും 50 ശതമാനം ഇളവാണ് അനുവദിക്കപ്പെട്ടത്.