ഇന്ത്യയൊട്ടാകെ ലൊക്കേഷൻ; എഴുപതോളം പ്രമുഖതാരങ്ങള്‍; ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ ഉടൻ തീയേറ്ററുകളില്‍

കൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പി എം കുഞ്ഞിമൊയ്തീൻ, അദ്ദേഹത്തിന്റെ പൊലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത് ഒരു കേസുമായ് ബന്ധപ്പെട്ട സൂചനകളും അനുമാനങ്ങളും തന്റെ ഡയറിയില്‍ കുറിച്ചിട്ടിരുന്നു.

വർഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ മകനും നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളില്‍ ശ്രദ്ധേയനുമായ എം എ നിഷാദ് ഡയറിയിലെ വരികള്‍ വികസിപ്പിച്ച്‌ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ‘ഒരു അന്വേഷണത്തിന്റെ തുടക്കം’.

പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയ ഒരുപിടി മികച്ച ചിത്രങ്ങള്‍ പ്രേക്ഷകർക്ക് സമ്മാനിച്ച ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറില്‍ കെ വി അബ്ദുല്‍ നാസറാണ് ചിത്രം നിർമ്മിച്ചത്. എഞ്ചിനിയറിംഗ് ബിരുദധാരിയും മാദ്ധ്യമ പ്രവർത്തകനുമായ ജീവൻ തോമസിന്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസിന്റെ ചുരുളുകളുമാണ് ചിത്രത്തിന്റെ പ്രമേയം.

ഷൈൻ ടോം ചാക്കോ, സമുദ്രകനി, മുകേഷ്, വാണി വിശ്വനാഥ്‌, അശോകൻ, ബൈജു സന്തോഷ്‌ എന്നിവരോടൊപ്പം 70ഓളം താരങ്ങളെയാണ് ചിത്രത്തില്‍ അണിനിരത്തിയിരിക്കുന്നത്. ഈ ഇൻവെസ്റ്റിഗേഷൻ ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രം സംവിധായകൻ നിഷാദ് തന്നെയാണ് അവതരിപ്പിക്കുന്നത്. U/A സർട്ടിഫിക്കറ്റോടെ നവംബർ എട്ട് മുതല്‍ ചിത്രം തിയറ്ററുകലിലെത്തും.