ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം സര്‍ക്കീട്ട് മെയ് 8, നാളെ തിയറ്ററുകളില്‍. ‘ആയിരത്തൊന്നു നുണകൾ’ എന്ന ചിത്രത്തിന്റെ സംവിധായകനായ താമർ ആണ് സര്‍ക്കീട്ട് ഒരുക്കിയിരിക്കുന്നത്. മികച്ച അഭിപ്രായത്തോടെ പ്രേക്ഷകർ ഏറ്റെടുത്ത പൊൻമാൻ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്.
കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക്ബസ്റ്റർ സിനിമകൾക്ക് ശേഷം ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് ആസിഫ് അലി സർക്കീട്ടിലൂടെയെത്തുന്നത്. ദിവ്യ പ്രഭയാണ് ചിത്രത്തിലെ നായിക. ബാലതാരം ഓർഹാൻ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച ‘സർക്കീട്ട്’, യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്.
