ചമ്പക്കുളം മൂലം വള്ളംകളി; ആലപ്പുഴയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ഭാഗിക അവധി

ആലപ്പുഴ: ചരിത്ര പ്രസിദ്ധ ചമ്പക്കുളം മൂലം വള്ളംകളി നാളെ നടക്കുന്നതിനാല്‍ ആലപ്പുഴയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭാഗിക അവധി പ്രഖ്യാപിച്ചു.

കുട്ടനാട് താലൂക്കിലെ നെടുമുടി, ചമ്പക്കുളം പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കും.
അതേസമയം നേരത്തെ നിശ്ചയിച്ചിരുന്ന പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.

ആലപ്പുഴ ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. വള്ളംകളിയോട് അനുബന്ധിച്ച്‌ ജലഗതാഗതവും നിരോധിച്ചിട്ടുണ്ട്.

ചമ്പക്കുളം പമ്പയാറ്റില്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റ് മുതല്‍ ഫിനിഷിംഗ് പോയിന്റ് വരെ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ നാളെ ഉച്ചയ്ക്ക് ഒരു മണി മുതല്‍ വള്ളംകളി അവസാനിക്കുന്നതു വരെ മത്സരം നടക്കുന്ന ട്രാക്കിലൂടെ സര്‍വീസ് നടത്തരുതെന്നാണ് ആലപ്പുഴ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചത്.