വെള്ളമുണ്ട : വയനാട് വെള്ളമുണ്ടയിൽ വയോധികയുടെ മരണം കൊലപാതകം. തേറ്റമല പരേതനായ വിലങ്ങില്‍ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമിയുടെ (72) മരണമാണ് നാലുപവൻ സ്വർണാഭരണത്തിനുവേണ്ടിയുള്ള കൊലപാതകമാണെന്ന് തെളിഞ്ഞത്.
കൊലപാതകത്തിനുപിന്നില്‍ അതുവരെയും കൂടെയുണ്ടായിരുന്ന അയല്‍ക്കാരനാണെന്ന വാർത്ത പുറത്തുവന്നതും വിശ്വസിക്കാൻ കഴിയാതെ ഞെട്ടിയിരിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും.
അയല്‍വാസിയായ ചോലയില്‍ വീട്ടില്‍ ഹക്കീം ദിവസങ്ങള്ക്കുമുൻപേ സ്വർണം കൈക്കലാക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അതുവരെ കാര്യമായി ഇടപെടാത്ത ഹക്കീം, ഉമ്മയുടെ വിവരങ്ങള്‍ തിരക്കിയതായി കുഞ്ഞാമിയുടെ മക്കളും പറഞ്ഞു. കൊലപാതകം നടത്തിയിട്ടും യാതൊരു കൂസലുമില്ലാതെയാണ് പ്രതി കുഞ്ഞാമിയുടെ വീട്ടിലെത്തിയത്.
കുഞ്ഞാമിയെ കാണാനില്ലെന്ന് പ്രദേശത്തെ വാട്സാപ്പ് ഗ്രൂപ്പില്‍ ആദ്യം വോയ്സ് സന്ദേശമിടുന്നതും ഹക്കീംതന്നെയാണ്. നാട്ടുകാരും ബന്ധുക്കളും ഇറങ്ങിയ തിരച്ചിലിനും ഹക്കീം മുന്നിലുണ്ടായിരുന്നു. ഇതുകൊണ്ടുതന്നെ നാട്ടുകാരില്‍ യാതൊരു സംശയത്തിനും ഇട നല്‍കിയില്ല.
ഒടുവില്‍ മൃതദേഹം അരക്കിലോമീറ്റർ അകലെയുള്ള പൊട്ടക്കിണറ്റില്‍ കണ്ടെത്തിയപ്പോഴും പോലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കുമ്ബോഴുമെല്ലാം പ്രതി മുഴുവൻസമയം ഇവിടെയുണ്ടായിരുന്നു.
കുടുംബത്തിന്റെ നീക്കമെല്ലാം നേരിട്ടുനിരീക്ഷിക്കാൻ മരണവീട്ടില്‍ നിരന്തരമെത്തുകയും ചെയ്തു. വാർധക്യസഹജമായ അസുഖമുള്ള കുഞ്ഞാമിക്ക് അത്രദൂരം ഒറ്റയ്ക്ക് നടക്കാൻപോലും കഴിയാത്ത സാഹചര്യമാണുണ്ടായിരുന്നത്. അതിനാല്‍, മരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍ പോലീസിനോട് ആവർത്തിച്ചുപറഞ്ഞിരുന്നു. പ്രാഥമിക വിവരശേഖരണത്തില്‍ത്തന്നെ കൊലപാതകത്തിന്റെ സാധ്യത പോലീസും നിരീക്ഷിച്ചു.
അടുത്തവീടുകളിലെ സി.സി.ടി.വി. ക്യാമറാദൃശ്യമടക്കം പരിശോധിച്ച് അന്വേഷണം ഊർജിതമാക്കാനിരിക്കെയാണ് വിലപ്പെട്ട വിവരങ്ങള്‍ പോലീസിന് കിട്ടുന്നത്. ഹക്കിം വെള്ളമുണ്ടയിലെ സ്വകാര്യബാങ്കില്‍ സ്വർണം പണയപ്പെടുത്തിയിട്ടുണ്ടെന്ന് അറിഞ്ഞതോടെ എല്ലാ കണ്ണുകളും പ്രതിയിലേക്ക് തിരിയുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത ഹക്കീമിനെ വിശദമായി ചോദ്യംചെയ്തപ്പോള്‍ പ്രതി കുറ്റംസമ്മതിക്കുകയും ചെയ്തും.
പ്രതിയെ സ്വകാര്യബാങ്കിലെത്തിച്ച് സ്വർണം വീണ്ടെടുത്തതോടെ നാലുപവൻ സ്വർണത്തിനായി അയല്‍വാസി നടത്തിയ കൊടുംക്രൂരത നാടെല്ലാം അറിഞ്ഞു. ബാങ്കിലെത്തിച്ച പ്രതിക്കുനേരേ വെള്ളമുണ്ടയില്‍ വൻ ജനരോഷമുണ്ടായി. വളരെ പാടുപെട്ടാണ് പ്രതിയെയുംകൊണ്ട് പോലീസ് പോയത്.
ഞായറാഴ്ച പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുമെന്നറിഞ്ഞതോടെ തേറ്റമലയിലും ആളുകള്‍ തടിച്ചുകൂടിയിരുന്നു. ജനരോഷം കണക്കിലെടുത്ത് പോലീസ് പ്രതിയെയുംകൊണ്ട് എത്തിയില്ല. മന്ത്രി ഒ.ആർ. കേളു അടക്കമുള്ളവർ ഞായറാഴ്ച കുഞ്ഞാമിയുടെ വീട് സന്ദർശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചിരുന്നു.
വീട്ടില്‍ അതിക്രമിച്ചുകയറിയാണ് ഹക്കീം കുഞ്ഞാമിയെ കൊലപ്പെടുത്തിയത്. മുഖംപൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം, പുറത്തിറങ്ങിയ ഇയാള്‍ തേറ്റമല ടൗണില്‍പോയി തിരിച്ചുവന്ന് ആരുമില്ലെന്ന് ഉറപ്പാക്കിയശേഷം വണ്ടിയുടെ ഡിക്കിയില്‍ മൃതദേഹം കയറ്റി 600 മീറ്റർ ദൂരത്തിലുള്ള കിണറ്റില്‍ ഇടുകയായിരുന്നു. അടുത്തദിവസംതന്നെ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.
