കാളിന്ദി എക്സ്പ്രസ് അപകടത്തിൽ പെടുത്താൻ ശ്രമം; ട്രാക്കിൽ എൽപിജി സിലിണ്ടറും വെടിമരുന്നും; ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

കാളിന്ദി എക്സ്പ്രസ് അപകടത്തിൽപ്പെടുത്താൻ ശ്രമം. ട്രാക്കിൽ എൽപിജി സിലിണ്ടർ സ്ഥാപിച്ചാണ് ട്രെയിൻ അപകടത്തിൽപ്പെടുത്താൻ ശ്രമിച്ചത്. ബർരാജ്പൂരിനും ബിൽഹൗറിനും ഇടയിൽ റെയില്‍വേ ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍ വെച്ചാണ് അപകടപ്പെടുത്താൻ ശ്രമിച്ചത്.

ട്രെയിൻ നിർത്തിയ ശേഷം ലോക്കോ പൈലറ്റ് ഗാർഡ് രാജീവ് കുമാറിനെയും, റെയിൽ വേ പോലീസിനെയും കാര്യം അറിയിക്കുകയായിരുന്നു. തുടർന്ന് അൻവർഗഞ്ച് റെയിൽവേ സ്റ്റേഷൻ സൂപ്രണ്ടും ആർപിഎഫും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പെട്രോൾ നിറച്ച കുപ്പി, തീപ്പെട്ടി, വെടിമരുന്ന് എന്നിവ അടങ്ങിയ സംശയാസ്പദമായ ബാഗും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.

ഹരിയാനയിലെ ഭിവാനിയിലേക്കുള്ള യാത്രമധ്യേ രാത്രി എട്ടരയോട ഉത്തര്‍പ്രദേശിലെ കാന്‍പൂരിനടത്തുള്ള മുണ്ടേരി ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നത്.

ഗ്യാസ് സിലണ്ടർ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ട്രെയിന്‍ അടിയന്തരമായി നിര്‍ത്തുകയായിരുന്നു. ട്രാക്കിന് സമീപത്തുവച്ച്‌ കേടായ ഗ്യാസ് സിലിണ്ടറും മറ്റുവസ്തുക്കളും കണ്ടെത്തിയതായും അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ഹരീഷ് ചന്ദര്‍ പറഞ്ഞു.