20കാരിയായ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത് അച്ഛനും സഹോദരിയും എത്തിയതിനുശേഷം, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

കാസര്‍ഗോഡ്: കൊല്ലം സ്വദേശിനിയായ നഴ്സിനെ കാസർകോട് ബന്തിയോടെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ബന്തിയോട് സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന 20കാരിയായ സ്മൃതിയെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കൊല്ലം തെന്മലക്ക് സമീപമുള്ള ഉരുക്കുളത്ത് നിന്ന് ജോലി തേടി കാസർകോട്ടേക്കു പോയതാണ് യുവതി. ബന്തിയോടുള്ള സ്വകാര്യ ആശുപത്രിയില്‍ നഴ്സിംഗ് ട്രെയിനിയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സ്മൃതിയെ ഹോസ്റ്റൽ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്മൃതിയുടെ മരണ വാർത്തയറിഞ്ഞ് അച്ഛനും സഹോദരിയും കൊല്ലത്തുനിന്ന് കാസർകോട് എത്തിയതിന് ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ജീവനൊടുക്കിയതാണെന്ന് വീട്ടുകാർ ഇപ്പോഴും വിശ്വസിക്കുന്നില്ല. മരണദിവസം ശ്രുതി ആശുപത്രിയിൽ പോവുകയും ഉച്ചയോടെ ഹോസ്റ്റലിലേക്ക് തിരിച്ചു വരികയും ആയിരുന്നു,

പലതവണ വീട്ടിൽനിന്ന് വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് വീട്ടുകാർ ഹോസ്റ്റലിൽ അറിയിക്കുകയും തൊട്ടടുത്ത മുറിയിൽ ഉള്ളവർ അന്വേഷിച്ചെത്തിയപ്പോൾ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലുമായിരുന്നു. തുടർന്ന് സെക്യൂരിറ്റിയെത്തി വാതിൽ തള്ളി തുറന്നപ്പോ‌ഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.