ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് ധനമന്ത്രി നിർമല സീതാരാമൻ

മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണമാണ് ഇന്ന് നടക്കാൻ പോകുന്നത്. ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു. രാഷ്ട്രപതിയിൽ നിന്നും ബജറ്റ് അവതരണത്തിന് അനുമതി തേടി. കൂടാതെ നിർമല സീതാരാമന് രാഷ്ട്രപതി മധുരം നൽകുകയും ചെയ്തു. രാവിലെ ഔദ്യോഗിക വസതിയിൽ നിന്നും ധനകാര്യ മന്ത്രാലയത്തിലെത്തിയ ശേഷമാണ് നിർമല സീതാരാമൻ രാഷ്ട്രപതി ഭവനിലെത്തിയത്. കാഞ്ചീപുരം സാരി ധരിച്ചാണ് ബജറ്റ് അവതരണത്തിന് എത്തിയത്. പർപ്പിൾ കളറിൽ സ്വർണ നിറത്തിലുള്ള കള്ളികളും കോഫി ബ്രൗൺ കസവുമുള്ള സാരിയുമാണ് ധരിച്ചിരിക്കുന്നത്. തമിഴ്നാട് സ്വദേശിയായ നിര്‍മല നേരത്തെ എട്ടു ബജറ്റും വിവിധ ഇന്ത്യൻ കൈത്തറി സാരികളുടുത്താണ് അവതരിപ്പിച്ചത്.

മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് പാർലമെന്റിൽ ആരംഭിക്കും. 10.15നായിരുന്നു മന്ത്രിസഭാ യോ​ഗം. തുടർച്ചയായി ഒന്‍പത് ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടവും ഇതോടെ നിർമ്മല സീതാരാമന് സ്വന്തമാകും. കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നിർദ്ദേശങ്ങൾ ഉണ്ടാകാനാണ് സാധ്യത. കേരളം എയിംസും അതിവേഗ റെയിൽ പാതയുമടക്കം ഒരുപിടി പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ ഇത്തവണ പൊതുഅവധി ദിവസമായ ഞായറാഴ്ചയാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്.