വനത്തിനുള്ളില്‍ കടന്നാല്‍ പിഴ 25000; കന്നുകാലികളെ മേയ്ക്കുന്നതും കുറ്റം; പുതിയ വന നിയമം കടുക്കും; ആശങ്ക പ്രകടിപ്പിച്ച്‌ ഹൈറേഞ്ചിലെ കുടിയേറ്റ കർഷകർ

അടിമാലി: 1961-ലെ കേരള വനനിയമം ഭേദഗതിചെയ്യുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ ഹൈറേഞ്ചിലെ കുടിയേറ്റ കർഷകർ.

വനാതിർത്തിയോട് ചേർന്ന് താമസിക്കുന്ന കർഷകരുടെ ജീവിതം വനവുമായി ബന്ധപ്പെട്ടതാണ്.
വനത്തില്‍ പ്രവേശിക്കുന്നതിനും വനവിഭങ്ങള്‍ ശേഖരിക്കുന്നതിനും കടുത്ത ശിക്ഷയാണ് ഭേദഗതിചെയ്ത വനനിയമത്തില്‍ നിർദേശിക്കുന്നത്. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ തങ്ങളുടെ ജീവിതം കൂടുതല്‍ സങ്കീർണമാകുമോയെന്ന ആശങ്കയാണ് കർഷകർ പങ്കുവെക്കുന്നത്.

ഇടുക്കിയിലെ 70 ശതമാനം കുടിയേറ്റ കർഷകരും വനാതിർത്തിയില്‍ താമസിക്കുന്നവരാണ്. പലർക്കും സ്ഥലത്തിന് പട്ടയമില്ല. ആകെയുള്ളത് കൈവശരേഖയാണ്.

വനാതിർത്തിയില്‍ നിന്നും ചെറിയ വിറക് കഷണങ്ങള്‍ ശേഖരിച്ചാണ് കുടിയേറ്റകാലം മുതല്‍ ഇവർ അടുപ്പ് കത്തിച്ചിരുന്നത്. വനാതിർത്തിയിലെ പുഴകളില്‍ നിന്നും മീൻ പിടിക്കുന്നതും വളർത്തുമൃഗങ്ങളെ മേയ്ക്കുന്നതും തോട്ടില്‍ കുളിക്കുന്നതും മറ്റാവശ്യങ്ങള്‍ക്കായി വനമേഖലയിലൂടെ സഞ്ചരിക്കുന്നതും ഇരുടെ ജീവിതരീതിയുടെ ഭാഗമാണ്.

എന്നാല്‍ പുതിയ നിയമം വരുന്നതോടെ ഇതെല്ലാം വലിയ കുറ്റകൃത്യങ്ങളായി മാറും. ശിക്ഷയായി തടവ് അനുഭവിക്കുകയോ വൻ പിഴ അടയ്ക്കുകയോ ചെയ്യേണ്ടതായും വരുമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.