നെന്മാറ ഇരട്ടക്കൊലപാതക കേസിൽ ചെന്താമര കുറ്റക്കാരൻ, ജൂലൈ 15ന് ശിക്ഷ വിധിക്കും; തൂക്കിക്കൊന്നോളൂവെന്ന് പ്രതി കോടതിയില്‍

പാലക്കാട് : പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമര കുറ്റക്കാരൻ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കൃത്യം നടന്ന് ഒന്നരവർഷത്തിന് ശേഷമാണ് വിധി. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.

ശിക്ഷാവിധിയിൽ എന്തെങ്കിലും പറയാനുണ്ടോയെന്ന് ചെന്താമരയോട് ചോദിച്ചപ്പോള്‍ തന്നെ തൂക്കികൊന്നോളൂവെന്നായിരുന്നു മറുപടി. ജൂലെെ 15ന് ശിക്ഷ വിധിക്കും. പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. ജൂലൈ 6ന് കേസിൽ വിധി പറയാനിരിക്കെ ജഡ്ജിയുടെ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം മാറ്റിവെക്കുകയായിരുന്നു. കേസിലെ അന്തിമവാദം പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നാലില്‍ ജൂണ്‍ 30 ന് പൂര്‍ത്തിയായിരുന്നു.

2019 ഓഗസ്റ്റ് 31നാണ് പോത്തുണ്ടി സ്വദേശി സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ വീടുവിട്ടുപോകാൻ കാരണം സുധാകരന്റെ ഭാര്യ സജിതയാണെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം. 2019 സെപ്റ്റംബർ രണ്ടിന് ചെന്താമരയെ പൊലീസ് അറസ്റ്റ് ചെയ്തു. സജിത വധക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി, ജാമ്യവ്യവസ്‌ഥ ലംഘിച്ചാണ് നെന്മാറയിൽ എത്തിയത്. തുടർന്ന് നിരന്തരം സുധാകരന്റെ കുടുംബത്തെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇയാളുടെ ഭീഷണിയെ കുറിച്ചുള്ള പരാതി പൊലീസ് മുഖവിലയ്ക്കെടുത്തില്ല. 2025 ജനുവരി 27ന് സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ക്രൂരമായി ഇയാൾ വെട്ടിക്കൊലപ്പെടുത്തി.