കുട്ടിയെ മര്‍ദ്ദിച്ചത് അമ്മയുടെ മൗനസമ്മതത്തോടെ’; അഷ്കറിന്‍റെ മൊഴി പുറത്ത്

തിരുവനന്തപുരം നെടുമങ്ങാട്ട് ഒന്നര വയസുകാരന്‍റെ മരണത്തില്‍ കസ്റ്റഡിയിലുള്ള അഷ്കറിനെയും അഖിലയെയും വിശദമായി ചോദ്യംചെയ്ത് എസ് ഐ ടി.കുട്ടിയെ മർദ്ദിച്ചത് അമ്മ അഖിലയുടെ മൗനസമ്മതത്തോടെയാണെന്നാണ് അഷ്കറിന്‍റെ മൊഴി.

കയ്യൊടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് 12 ദിവസത്തിനു ശേഷമാണ്. ഇരുവരെയും കൂട്ടി ഇന്ന് തെളിവെടുപ്പ് നടത്തില്ല. ഇന്ന് അഞ്ചുമണിയോടെ കസ്റ്റഡി കാലാവധി അവസാനിപ്പിക്കും.

 

നെടുമങ്ങാട് ഡിവൈഎസ്‍പി ബൈജു കുമാറിനാണ് കേസിന്‍റെ അന്വേഷണ ചുമതല.കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ ക്രൂരതയുടെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. കുട്ടിയുടെ ശരീരത്തില്‍ ആകെ 91 മുറിവുകള്‍ ഉണ്ടായിരുന്നതായും ഏഴ് വാരിയെല്ലുകള്‍ തകർന്നതായും ഡോക്ടർമാരുടെ പരിശോധനയില്‍ കണ്ടെത്തി.

 

തലയിലേറ്റ ക്ഷതത്തെ തുടർന്നുള്ള നീർക്കെട്ടും ആന്തരിക രക്തസ്രാവവുമാണ് കുഞ്ഞിന്‍റെ മരണകാരണം. തങ്ങള്‍ക്ക് ഒരുമിച്ച്‌ ജീവിക്കാൻ ഒന്നര വയസുകാരൻ തടസമായിരുന്നതിനാലാണ് ക്രൂരമായി മർദ്ദിച്ചതെന്നായിരുന്നു അഷ്കറിന്‍റെ മൊഴി.